വരള്‍ച്ച നേരിടാന്‍ 5500 കുഴല്‍കിണറുകളുമായി ജലവിഭവ വകുപ്പ്
|കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് മന്ത്രി മാത്യു ടി തോമസ്
വരള്‍ച്ച നേരിടുന്നതിനായി ഭൂഗര്‍ഭ ജലത്തെ കൂടുതലായി ആശ്രയിക്കാന്‍ ജലവിഭവ വകുപ്പ് ഒരുങ്ങുന്നു. കൂടുതല്‍ കുഴല്‍ കിണറുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതോടെ കുടിവെള്ളക്ഷാമം ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ വരള്‍ച്ച അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
മുമ്പെങ്ങുമില്ലാത്ത തരത്തില്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യത്തിലാണ് കൂടുതല്‍ കുഴല്‍ കിണറുകള്‍ പ്രവര്‍ത്തനസജ്ജമാക്കാനുളള നീക്കവുമായി ജലവിഭവവകുപ്പ് രംഗത്ത് വരുന്നത്. ഫെബ്രുവരിയില്‍ സംസ്ഥാനത്ത് 5500 കുഴല്‍ കിണറുകള്‍ പ്രവര്‍ത്തനസജ്ജമാക്കും. ജലനിധി പദ്ധതിയുടെ പ്രയോജനം ലഭിക്കാത്തിടത്താണ് കുഴല്‍ കിണറുകളെ ആശ്രയിക്കുക. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ്
കുഴല്‍ കിണറുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.
ഇതിന് പുറമെ പ്രവര്‍ത്തനം നിലച്ച 555 ചെറുകിട കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തന സജ്ജമാക്കും. ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് ശുദ്ധീകരിച്ച വെള്ളം ഉപഭോക്താക്കളിലെത്തിക്കാനും തീരുമാനിച്ചു.