എനിക്ക് സ്വതന്ത്രയാവണമായിരുന്നു
|അമൃതാനന്ദമയിയുടെ പ്രമുഖ ശിഷ്യയായിരുന്ന ഗെയില്‍ ഗായത്രി ട്രെഡ്‍വെലിന്റെ 'പുണ്യനരകം: വിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ നിന്ന്.
ആശ്രമം വിടാനുള്ള എന്റെ തീരുമാനത്തിനു പിന്നില്‍ നിരവധി കാണങ്ങളുണ്ട്. ലൈംഗിക പീഡനങ്ങള്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഞാന്‍ ആശ്രമം വിടുന്നതിനു ഒരു മാസം മുമ്പ് ബാലു കടുത്ത വിഷാദത്തിന്റെ പിടിയിലമര്‍ന്നു. ചികില്‍സ ആരംഭിച്ചയുടനെ അയാളെ ആത്മഹത്യാ നിരീക്ഷണത്തിലാക്കി- ആകെക്കൂടി കുഴഞ്ഞു മറിഞ്ഞ അവസ്ഥ. ആത്മഹത്യാ പ്രവണത അയാള്‍ക്ക് കുറേ മുമ്പ് തന്നെ ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. പലപ്പോഴുമുള്ള അയാളുടെ നിലവിട്ട പെരുമാറ്റങ്ങള്‍ അതുകൊണ്ട് സംഭവിക്കുന്നതായിരിക്കാം. പക്ഷെ ഇതൊന്നും എന്നോടുള്ള അയാളുടെ അമാന്യമായ പെരുമാറ്റത്തെ ന്യായീകരിക്കുന്നില്ല.
എനിക്കയാളോട് സ്നേഹമുണ്ടായിരുന്നു. പക്ഷെ അയാള്‍ക്ക് എന്നോടുള്ള തരത്തിലുള്ള സ്നേഹമായിരുന്നില്ല അത്. ഒരു കാമുകനായല്ല, ഒരു കൂട്ടുകാരനും സഹോദരനുമായി അയാളെ കിട്ടാന്‍ ഞാനാശിച്ചു. പല സമയത്തും മുതിര്‍ന്ന പുരുഷ സന്യാസിമാരുടെ കൂട്ടത്തില്‍ എന്നെ പിന്തുണച്ച് സംസാരിച്ചത് അയാളായിരുന്നു. പക്ഷെ അതിനു ഞാന്‍ കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നുവെന്ന് മാത്രം.
ആത്മാവിന്റെ അടിത്തട്ടിലെ ഇരുണ്ട കോണുകളിലേക്ക് ഞാന്‍ ഈ ഓര്‍മ്മകളെ തള്ളിമാറ്റി. എന്നോടൊപ്പം ഈ ഓര്‍മ്മകളും മൃതിയടയട്ടെ എന്നായിരുന്നു ആശ്രമം വിട്ടതിനു ശേഷവും എന്റെ ചിന്ത. മനസ്സിനെ നുരുമ്പിക്കുന്ന ഈ ഓര്‍മ്മകളുടെ ഭാരം എന്റെ ജീവിതത്തെ ഞെരുക്കുന്നുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. കുറ്റബോധവും അപമാനഭാരവും ചുമന്ന് എന്റെ മുതുകൊടിയുകയാണെന്നും ഞാന്‍ തിരിച്ചറിഞ്ഞില്ല.
ആശ്രമം വിട്ട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ കൌണ്‍സിലിംഗിന് പോയിത്തുടങ്ങി. ഒരു ദിവസം ഹീലിഗ് സെഷനിടെ കൌണ്‍സിലര്‍ ആശ്ചര്യപ്പെട്ടു. “നിങ്ങള്‍ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയയാക്കപ്പെട്ടിട്ടുണ്ടല്ലോ.” അവരുടെ വാക്കുകള്‍ കേട്ട് എന്റെ ശരീരം ആലില പോലെ വിറച്ചു, മനസ്സ് പ്രക്ഷുബ്ധമായി. കുത്തിപ്പറിക്കുന്ന ഓര്‍മ്മകളെ മനസ്സിന്റെ അടിത്തട്ടില്‍ മണ്ണിട്ടുമൂടിയിരിക്കയായായിരുന്നല്ലോ ഞാന്‍.
ഉടന്‍ തന്നെ അവര്‍ എന്നെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ പറഞ്ഞു.“നമുക്ക് ഇപ്പോള്‍ തന്നെ അതിനെ കുറിച്ച് സംസാരിക്കണമെന്നൊന്നുമില്ല.” ഞാന്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു. എന്നാലും ‘പീഡനം’എന്ന വാക്ക് എന്റെ മനസ്സിനെ വിടാതെ പിന്തുടര്‍ന്നു.
ബാലുവില്‍ നിന്നുണ്ടായ ദുരനുഭവങ്ങളുടെ കാരണക്കാരി ഞാന്‍ തന്നെയാണെന്ന ധാരണയും പേറി നടക്കുകയായിരുന്നു ഞാന്‍. ഒരു ഇരയായി ഞാന്‍ എന്നെ അതുവരെ കണ്ടിരുന്നില്ല. പുതിയ കണ്ണടവെച്ച് നോക്കിയപ്പോള്‍ കാര്യങ്ങളുടെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശിത്തുടങ്ങി. എന്നാലും കുറ്റബോധത്തിന്റെയും പാപഭാരത്തിന്റെയും പിടിയില്‍ നിന്ന് പൂര്‍ണ്ണമായും കുതറിമാറാന്‍ എനിക്ക് അപ്പോഴും സാധിച്ചിരുന്നില്ല. “ഇപ്പോള്‍ നമുക്ക് അതിനെ കുറിച്ച് സംസാരിക്കണമെന്നൊന്നുമില്ല”- എന്ന വാക്കുകള്‍ എപ്പോഴെങ്കിലും അതിനെ കുറിച്ച് സംസാരിച്ചേ പറ്റൂ എന്ന അര്‍ത്ഥവും ഉള്‍കൊള്ളുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.
എത്ര ആഴത്തില്‍ രഹസ്യങ്ങളെ നമ്മള്‍ മണ്ണിട്ടുമൂടിയാലും വെള്ളവസ്ത്രത്തിലെ കറുത്ത കറയെ പോലെ അവ മായാതെ നില്‍കുമെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. അവ നമ്മുടെ ആത്മാക്കളെ ഇരുട്ടില്‍ പൊതിയും. രഹസ്യങ്ങള്‍ വെളിച്ചം കണ്ടാല്‍ മാത്രമേ ഇരുട്ട് നീങ്ങുകയൂള്ളൂ. സത്യം വേദനിപ്പിച്ചേക്കാം. പക്ഷെ അതിനെ ഒരിക്കലും ഭയക്കേണ്ട കാര്യമില്ല. സ്നേഹത്തോടെയും അനുതാപത്തോടെയുമാണ് സത്യത്തിന്റെ മുഖത്ത് നോക്കേണ്ടത്.
മൌനം എന്നെ ശ്വാസം മുട്ടിച്ചുതുടങ്ങി. മുറിയുടെ ഇരുണ്ട മൂലയില്‍ ഭൂതത്തെ പേടിച്ച് അരണ്ടിരിക്കുന്ന കൊച്ചുകുട്ടിയെ പോലെയായി ഞാന്‍. ഭയപ്പാടില്ലാതെ സത്യം വിളിച്ചു പറയാനുള്ള സമയമായെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്നില്‍ ഭയം കുത്തിവെക്കപ്പെട്ടിരുന്നുവെന്ന യാഥാര്‍ഥ്യത്തിന്റെ മുഖത്ത് നോക്കാനുള്ള സമയമായി. നിരന്തര ലൈംഗികപീഡനത്തിന്റെ ഇരയായിരുന്നു ഞാന്‍. അതുമാത്രമല്ല കുറ്റബോധവും കുറ്റപ്പെടുത്തലുകളും പാപഭാരവും ചുമന്ന് എന്റെ മുതുകൊടിഞ്ഞിരുന്നു. എനിക്ക് സ്വതന്ത്രയാവണമായിരുന്നു. അമ്മയുടെ രഹസ്യങ്ങള്‍ ജീവിതകാലം മുഴുവന്‍ പേറി നടക്കേണ്ട ചുമതല എനിക്കില്ലെന്നും ഞാന്‍ തിരിച്ചറിഞ്ഞു.
അകമേ ഞാന്‍ കരിഞ്ഞിരുന്നു. എന്നിട്ടും സന്യാസ വസ്ത്രം ലഭിച്ചതിനു ശേഷം അഞ്ച് വര്‍ഷത്തോളം ഞാന്‍ അവിടെ തങ്ങി. പലപ്പോഴും ഭീതി എന്നില്‍ മരവിപ്പുപടര്‍ത്തിയെങ്കിലും യാന്ത്രികമായി ഞാന്‍ അവിടെ തന്നെ തുടര്‍ന്നു പോന്നു.പിടിച്ചു നില്‍ക്കാന്‍ ജീവിതത്തിന്റെ ഉത്കടമായ അഭിലാഷത്തില്‍ ഞാനെന്റെ മനസ്സിനെ കുരുക്കിയിട്ടു. എന്റെ ഗുരുവിനെ കുറിച്ചുള്ള വിശ്വാസത്തില്‍ ഞാന്‍ അള്ളിപ്പിടിച്ചു. അപ്പോഴും സ്വപ്നങ്ങളില്ല,മറിച്ച് പേ സ്വപ്നങ്ങളിലാണ് ഞാനെന്റെ ജീവിതം ഹോമിക്കുന്നതെന്ന യാഥാര്‍ഥ്യത്തിന്റെ മുഖത്ത് നോക്കാന്‍ എന്റെ മനസ്സ് പാകപ്പെട്ടിരുന്നില്ല.