ഇടതിന് ലഭിച്ച ന്യൂനപക്ഷ പിന്തുണയുടെ മാറ്റുരച്ച് മലപ്പുറം തെരഞ്ഞെടുപ്പ്
|ഇടതുപക്ഷത്തിന് ലഭിച്ച ന്യൂനപക്ഷ പിന്തുണ നിലനിര്‍ത്താനായോ എന്ന ചോദ്യത്തിന് കൂടി മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഉത്തരം നല്‍കും. ഇത് തിരിച്ചറിഞ്ഞുള്ള പ്രചരണമാണ് മലപ്പുറത്ത് ഇരുമുന്നണികളും
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിച്ച ന്യൂനപക്ഷ പിന്തുണ നിലനിര്‍ത്താനായോ എന്ന ചോദ്യത്തിന് കൂടി മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഉത്തരം നല്‍കും. ഇത് തിരിച്ചറിഞ്ഞുള്ള പ്രചരണമാണ് മലപ്പുറത്ത് ഇരുമുന്നണികളും നടത്തുന്നത്.
സംഘപരിവാര്‍ ഫാഷിസത്തിനെതിരെയുള്ള ഇടതു പക്ഷ നിലപാടില്‍ പ്രതീക്ഷ വെച്ച ന്യൂനപക്ഷങ്ങളുടെ ശക്തമായ പിന്തുണയാണ് പിണറായി വിജയന് സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചത്.മുസ്ലിം ലീഗിന്റെ കോട്ടയായ മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടെ ഇടതുപക്ഷത്തിന് അന്ന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി പത്ത് മാസത്തിന് ശേഷം നടക്കുന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പ് അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന് ഒരു പരീക്ഷണമാണ്. കൊടിഞ്ഞി ഫൈസലിന്റെയും റിയാസ് മൗലവിയുടെയും വധം ,യുഎപിഎ ദുരുപയോഗം തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാരിനെതിരെ ശക്തമായി യുഡിഎഫ് ഉന്നയിക്കുന്നത് അതുകൊണ്ടാണ്.
സംഘപരിവാറിന്റെ ഭീഷണി വകവെക്കാതെ മംഗലാപുരത്ത് പിണറായി വിജയന് പ്രസംഗിച്ചതും ഫൈസല്‍ , റിയാസ് മൗലവി കൊലപാതകങ്ങളിലെ പ്രതികളെ വേഗത്തില്‍ പിടികൂടിയതും ഇടതുപക്ഷം സജീവമായി ഉന്നയിക്കുന്നുണ്ട്.