സ്വന്തം ബ്രാന്‍ഡ് വെളിച്ചെണ്ണ പുറത്തിറക്കി നാളികേര കര്‍ഷകരുടെ കമ്പനി
|സര്‍ക്കാര്‍ കിലോ 27 രൂപ നിരക്കില്‍ നാളികേരമെടുക്കുമ്പോള് കമ്പനി 29 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. സ്വന്തമായി ബ്രാന്‍ഡു ചെയ്ത വെളിച്ചെണ്ണ കടകളിലും വീടുകളിലുമെത്തിച്ച് വില്‍ക്കുന്നു...
നാളികേര ഉല്പാദകരില് നിന്ന് ഉയര്‍ന്ന വിലയ്ക്ക് തേങ്ങ സംഭരിച്ച് അതേ ഗ്രാമത്തില്‍ കുറഞ്ഞ വിലയ്ക്ക് ശുദ്ധമായ വെളിച്ചെണ്ണ വിറ്റഴിച്ച് പുതിയ മാതൃക സൃഷ്ടിക്കുകയാണ് ആലപ്പുഴയിലെ കരപ്പുറം നാളികേര ഉല്പാദക കമ്പനി. നാളികേരത്തില്‍ നിന്ന് മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള് നിര്‍മ്മിച്ച് കേര കര്‍ഷകരെ സഹായിക്കുന്നതിനായി കര്‍ഷകര്‍ തന്നെ ഓഹരിയെടുത്ത് രൂപീകരിച്ച കമ്പനിയുടെ വെളിച്ചെണ്ണ ഫാക്ടറി ഏപ്രില്‍ 30നാണ് ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ അരീപ്പറമ്പില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
അരൂര്‍ മുതല്‍ കോട്ടപ്പള്ളി വരെയുള്ള പ്രദേശത്തെ അയ്യായിരത്തോളം കേര കര്‍ഷകര്‍ ഓഹരിയുടമകളായിട്ടുള്ള കരപ്പുറം നാളികേര ഉല്പാദക കമ്പനി ഇക്കഴിഞ്ഞ ഏപ്രില്‍ 30നാണ് സ്വന്തം വെളിച്ചെണ്ണ ഫാക്ടറിയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്പാദനം ആരംഭിച്ചത്. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ടും നാളികേര കര്‍ഷക സംഘങ്ങള്‍ വഴിയും നാളികേരവും കൊപ്രയും ശേഖരിക്കും. സര്‍ക്കാര്‍ കിലോ 27 രൂപ നിരക്കില്‍ നാളികേരമെടുക്കുമ്പോള് കമ്പനി 29 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.
സ്വന്തമായി ബ്രാന്‍ഡു ചെയ്ത വെളിച്ചെണ്ണ കടകളിലും വീടുകളിലുമെത്തിച്ച് വില്‍ക്കുന്നു. പൊതുവിപണിയില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് രണ്ടു തവണ ശുദ്ധീകരിച്ച മായമില്ലാത്ത വെളിച്ചെണ്ണ വീടുകളിലെത്തിക്കും. കൊപ്ര കാലിത്തീറ്റയായി ആവശ്യമുള്ളവര്‍ക്ക് വില്‍ക്കും. നല്ല നിലവാരമുള്ള തേങ്ങാവെള്ളം കമ്പനിയുടെ തന്നെ മറ്റൊരു യൂണിറ്റില്‍ സ്ക്വാഷാക്കി മാറ്റാനുള്ള സംവിധാനമുണ്ട്. ചിരട്ട 60 ശതമാനവും ഡ്രയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കും. ബാക്കി വിറകായി ആവശ്യമുള്ളവര്‍ക്ക് വില്‍ക്കും. ദിവസം രണ്ടര ടണ്‍ കൊപ്ര വരെ വെളിച്ചെണ്ണയാക്കി മാറ്റാന്‍ ശേഷിയുള്ള കമ്പനി എണ്ണ കൂടുതല്‍ സ്ഥലങ്ങളില്‍ വില്‍ക്കുന്നതിനായി സര്‍ക്കാരുമായും മാര്‍ക്കറ്റിങ്ങ് ഏജന്‍സികളുമായും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.