ചങ്ങനാശേരിയില്‍ പോരാട്ടം ഇഞ്ചോടിഞ്ച്
|സിറ്റിംഗ് എംഎല്‍എ സി എഫ് തോമസും ഡോ. കെ സി ജോസഫും തമ്മിലാണ് മത്സരം
കോട്ടയം ജില്ലയിലെ വീറുറ്റ പോരാട്ടം നടക്കുന്ന മണ്ഡലമാണ് ചങ്ങനാശേരി. സിറ്റിംഗ് എംഎല്‍എ സി എഫ് തോമസും ഡോ. കെ സി ജോസഫും തമ്മിലാണ് മത്സരം. ഒരേ പാര്‍ട്ടിയിലുണ്ടായിരുന്നവര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ചങ്ങനാശേരിയില്‍ ഇത്തവണ പോരാട്ടം കനക്കുമെന്നുറപ്പാണ്.
കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി അംഗങ്ങളായിരുന്നവര്‍ രാഷ്ട്രീയ കാരണങ്ങളാല്‍ വേര്‍പിരിഞ്ഞാണ് ഇത്തവണ ചങ്ങനാശേരി മണ്ഡലത്തില്‍ നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്. കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി സിറ്റിംഗ് എംഎല്‍എ സി എഫ് തോമസ് സ്വന്തം മണ്ഡലത്തില്‍ വീണ്ടും ഇറങ്ങുമ്പോള്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനായാണ് ഡോ. കെ സി ജോസഫ് കച്ചമുറുക്കിയത്. ചങ്ങനാശേരിയുടെ അയല്‍മണ്ഡലമായ കുട്ടനാട്ടില്‍ 2001വരെ എംഎല്‍എയായിരുന്നു ഡോ. കെ സി. തുടര്‍ച്ചയായ 36 വര്‍ഷത്തെ ചങ്ങനാശേരി എംഎല്‍എ പദം ഇത്തവണയും തുടരാനാകുമെന്ന പ്രതീക്ഷിയിലാണ് സി എഫ് തോമസ്. യുത്ത് ഫ്രണ്ട് നേതാവ് ജോബ് മൈക്കിളുമായുണ്ടായ സീറ്റ് തര്‍ക്കത്തിനൊടുവില്‍ സിഎഫ് തോമസിനുതന്നെ കെ എം മാണി സീറ്റ് വിട്ടുനല്‍കുകയായിരുന്നു. മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ തുണയ്ക്കുമെന്നാണ് സി എഫ് തോമസിന്റെ വിശ്വാസം.
പേരാമ്പ്രയിലും കുട്ടനാട്ടിലും എംഎല്‍എയായിരുന്ന പരിചയസമ്പത്തുമായാണ് ഡോ.കെസി ജോസഫ് മണ്ഡലത്തിലെത്തിയത്. പുതിയ വികസനപാതകള്‍ വെട്ടിത്തുറക്കുമെന്ന വാഗ്ദാനങ്ങളോടെയാണ് ഡോ.കെസി ജോസഫ് എല്‍ഡിഎഫ് പിന്തുണയോടെ പ്രചാരണം തുടരുന്നത്. മണ്ഡലത്തിലുള്ള വ്യക്തി ബന്ധങ്ങളും തുണയാകുമെന്ന് ഡോ.കെ സി വിശ്വസിക്കുന്നു.
ജില്ലയിലെ മുതിര്‍ന്ന നേതാവ് ഏറ്റുമാനൂര്‍ രാധാകൃഷ്ണനെയാണ് ബിജെപി സാന്നിധ്യമറിയിക്കാന്‍ രംഗത്തിറക്കിയിരിക്കുന്നത്. ചങ്ങനാശേരി അതിരൂപതയ്ക്കും,എന്എസിഎസിനും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് ചങ്ങനാശേരി. യുഡിഎഫിന്റെ ഉറച്ച സാമുദായിക വോട്ടുകളെ ഡോ.കെ സി ജോസഫിലൂടെ ഭിന്നിപ്പിക്കാമെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ്. അതേസമയം മണ്ഡലത്തിന് പുറത്തുനിന്നുളള ആളെ ചങ്ങനാശേരിക്കാര്‍ തള്ളിക്കളയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ചങ്ങനാശേരി അതുകൊണ്ടുതന്നെ കോട്ടയത്തെയും സംസ്ഥാനത്തെയും ശ്രദ്ധേയ മണ്ഡലമാണ്.