Kerala
യു‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ തീരുമാനങ്ങളില്‍ നടപടി തുടങ്ങിയു‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ തീരുമാനങ്ങളില്‍ നടപടി തുടങ്ങി
Kerala

യു‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ തീരുമാനങ്ങളില്‍ നടപടി തുടങ്ങി

Jaisy
|
29 May 2018 8:49 AM GMT

എകെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭ ഉപസമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം

യു‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ തീരുമാനങ്ങളില്‍ മന്ത്രിസഭ നടപടി തുടങ്ങി. പോബ്‌സിന്റെ ഉടമസ്ഥതയിലുള്ള കരുണ എസ്‌റ്റേറ്റിന് കരം അടക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത് റദ്ദാക്കാനും തിരുവനന്തപുരം ടെന്നീസ് ക്ലബിന് പാട്ടക്കുടിശ്ശിക ഇളവ് നല്‍കിയത് പുനപരിശോധിക്കാനും മന്ത്രിസഭ യോഗം തീരുമാനമെടുത്തു. എ.കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭ ഉപസമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് പോബ്സന്റെ ഉടമസ്ഥാതയിലുള്ള കരുണ എസ്റ്റേറ്റിന് കരമൊടുക്കുന്നതിന് അനുമതി നല്‍കി 2016 മാര്‍ച്ച് ഒന്നിന് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. പോബ്‌സ് ഗ്രൂപ്പ് കൈവശം വെച്ചിരിക്കുന്ന 833 ഏക്കര്‍ ഭൂമിക്ക് കരം ഒടുക്കുന്നതിനാണ് കമ്പനി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് റവന്യൂ സെക്രട്ടറി അനുമതി നല്‍കിയത്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടു മുന്‍പ് ഇറക്കിയ ഈ ഉത്തരവ് വിവാദമായെങ്കിലും പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.ഇടത് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ എ.കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തി. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കാതെ നികുതി സ്വീകരിച്ചത് തെറ്റാണെന്ന് ഉപസമിതി കണ്ടെത്തി.ഉപസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കരം അടക്കാന്‍ അനുമതി നല്‍കിയ തീരുമാനം റദ്ദാക്കിയത്.തിരുവനന്തപുരം ടെന്നീസ് ക്ലബിന് പാട്ടക്കുടിശ്ശിക ഇളവ് നല്‍കിയ തീരുമാനവും മന്ത്രിസഭ പരിഗണിച്ചു.

ടെന്നിസ് ക്ലബ്ബിന്റെ കൈവശമുള്ള 4.27 ഏക്കർ ഭൂമിക്ക് 11 കോടിയോളം രൂപയാണ് പാട്ടക്കുടിശ്ശിക ഉണ്ടായിരുന്നത്. പാട്ടക്കുടിശ്ശികയുടെ .2 ശതമാനം മാത്രം ഈടാക്കി പാട്ടം പുതിക്കി നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിന്നു.എന്നാല്‍ പാട്ട കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ശിപാര്‍ശ സമര്‍പ്പിക്കാന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. ഇളവ് നല്‍കിയത് പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ശിപാര്‍ശ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റിയിലെയും കോര്‍പ്പറേഷനുകളിലെയും എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 138 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും. റാന്നി താലൂക്കില്‍ പഴവങ്ങാടി വില്ലേജില്‍ പട്ടികവര്‍ഗ്ഗക്കാരായ 34 കുടുംബങ്ങള്‍ക്ക് 2 ഏക്കര്‍ വീതം ഭൂമിക്ക് പട്ടയം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

Related Tags :
Similar Posts