തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രം ജീവനക്കാരന് അറസ്റ്റില്‍
|ചോദ്യം ചെയ്യലില്‍നിന്ന് ലഭിച്ച മൊഴികളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് പ്രതിപ്പട്ടികയിലുള്ളവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.
തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിലെ ജീവനക്കാരന് അറസ്റ്റിലായി. കേസിലെ അഞ്ചാം പ്രതിയായ ശ്രീജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. യോഗ സെന്ററില്‍ നടക്കുന്ന ക്രൂരപീഡനത്തെക്കുറിച്ചുള്ള പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ മീഡിയവണാണ് പുറത്ത് വിട്ടത്.
എട്ടുമണിക്കൂറിലധികം സമയമെടുത്ത് യോഗ കേന്ദ്രത്തിലെ ജീവനക്കാരെ പ്രത്യേകം ചോദ്യം ചെയ്തതിന് ശേഷമാണ് പൊലീസ് നടപടികളിലേക്ക് നീങ്ങിയത്. അന്തേവാസികളായ സ്ത്രീകളെയും പുരുഷന്മാരെയും ഓരോരുത്തരെയായി പ്രത്യേകം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍നിന്ന് ലഭിച്ച മൊഴികളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് പ്രതിപ്പട്ടികയിലുള്ളവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.
സ്ഥാപന നടത്തിപ്പുകാരന് ഗുരുജിയെന്ന മനോജാണ് കേസിലെ ഒന്നാം പ്രതി. മനോജിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള മറ്റ് നാല് പേരും സ്ഥലത്തില്ലെന്നാണ് സൂചന. യോഗ കേന്ദ്രത്തിലുണ്ടായിരുന്ന ജീവനക്കാരനായ മലപ്പുറം മഞ്ചേരി സ്വദേശി ശ്രീജേഷിനെ കസ്റ്റഡിയിലെടുത്ത പൊലീസ് പീന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ അഞ്ചാം പ്രതിയാണിയാള്‍.
മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നാളെ കൂടുതല്‍ അറസ്റ്റിലേക്ക് കടക്കുമെന്നാണ് സൂചന. അതേസമയം ചട്ടങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന യോഗകേന്ദ്രം അടച്ചുപൂട്ടാന്‍ ഉദയംപേരൂര്‍ ഗ്രമപഞ്ചായത്ത് തീരുമാനിച്ചിരുന്നു.