മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസ് പോലീസ് അട്ടിമറിക്കുന്നതായി പരാതി
|മലയാള മനോരമ ലേഖകന്‍ ടിഡി ദീലീപ്, മാതൃഭൂമി ലേഖകന്‍ ആഷിക് കൃഷ്ണന്, ഫോട്ടോ ഗ്രാഫര്‍ പി കൃഷ്ണപ്രദീപ് എന്നിവര്‍ക്കായിരുന്നു മര്‍ദ്ദനമേറ്റത്.
കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസ് ദുര്‍ബല വകുപ്പുകള്‍ ചുമത്തി പോലീസ് അട്ടിമറിക്കുന്നതായി പരാതി. കോഴിക്കോട്ടെ ലോഡ്ജില്‍ യുവാവ് മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റത്. മയക്കുമരുന്ന് മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മലയാള മനോരമ ലേഖകന്‍ ടിഡി ദീലീപ്, മാതൃഭൂമി ലേഖകന്‍ ആഷിക് കൃഷ്ണന്, ഫോട്ടോ ഗ്രാഫര്‍ പി കൃഷ്ണപ്രദീപ് എന്നിവര്‍ക്കായിരുന്നു മര്‍ദ്ദനമേറ്റത്. ഇതില്‍ ദീലീപ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലാണ്. അഞ്ച് പേര്‍ക്ക് എതിരെ പോലീസ് കേസെടുക്കുകയും രണ്ട് പേരെ പിടികൂടുകയും ചെയ്തിരുന്നു. ദീലീപിന് ഗുരുതരമായി പരിക്കേറ്റിട്ടും നിസാര വകുപ്പുകള്‍ ചുമത്തി പോലീസ് പ്രതികളെ സഹായിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം.
നഗരത്തിലെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുള്ള പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായാണ് പരാതി. സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ വിഷയത്തില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനും ആലോചനയുണ്ട്.