ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
|സംഗീത വിദ്യാരംഭത്തിന് തിരുവനന്തപുരം തരംഗിണിയില്‍ യേശുദാസ് നേതൃത്വം നല്‍കി
ഇന്ന് വിജയദശമി. കേരളത്തിന് അകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമായി പതിനായിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പുലര്‍ച്ചെ അഞ്ച് മുണിമുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. സരസ്വതി മണ്ഡപത്തില്‍ സാഹിത്യകാരന്മാരും കൃഷ്ണശിലാ മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്‍മാരും കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു.
എം.ടി വാസുദേവന്‍ നായര്‍, കെ പി രാമനുണ്ണി, പി കെ ഗോപി തുടങ്ങിയ പ്രമുഖര്‍ കുട്ടികളെ എഴുത്തിനിരുത്തി. വിജയദശമി ദിനത്തില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചടങ്ങുകള്‍ നടക്കുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ക്ഷേത്ര തന്ത്രി നിത്യാനന്ദ അഡിഗയുടെ നേതൃത്വത്തില്‍ ഇരുപതോളം തന്ത്രിമാരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ദക്ഷിണ മൂകാംബികയെന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും നിരവധി കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. തിരുവനന്തപുരത്ത് ക്ഷേത്രങ്ങള്‍ക്ക് പുറമെ ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തിലും മണക്കാട് വൈലോപ്പിളളി സംസ്കൃതി ഭവനിലും മാധ്യമസ്ഥാപനങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.