Kerala
റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട സംഭവം: ഉദയഭാനുവിനെതിരെ കുരുക്കുമുറുകുന്നുറിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട സംഭവം: ഉദയഭാനുവിനെതിരെ കുരുക്കുമുറുകുന്നു
Kerala

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട സംഭവം: ഉദയഭാനുവിനെതിരെ കുരുക്കുമുറുകുന്നു

Sithara
|
29 May 2018 2:56 PM GMT

ഉദയഭാനുവിന്റെ കൂടി ആവശ്യപ്രകാരമാണ് രാജീവിനെ തട്ടിക്കൊണ്ട് വന്നതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു

ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്‍റെ കൊലപാതകത്തില്‍ അഭിഭാഷകന്‍ സി പി ഉദയഭാനുവിനെതിരെ പൊലീസിന്‍റെ റിപ്പോര്‍ട്ട്. അറസ്റ്റിലായ ചക്കര ജോണിയുടെയും രഞ്ജിത്തിന്‍റെയും റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഉദയഭാനുവിന്റെ പേര് പരാമർശിക്കുന്നത്. ഉദയഭാനുവിന്‍റെ കൂടി ആവശ്യപ്രകാരമാണ് കൊല്ലപ്പെട്ട രാജീവിനെ തട്ടിക്കൊണ്ട് പോയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ രാജീവിന്റെ കൊലപാതകക്കേസിൽ അന്വേഷണം അഭിഭാഷകൻ ഉദയഭാനുവിലേക്ക് നീങ്ങുന്നു എന്ന സൂചന നൽകുന്നതാണ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്. ക്വട്ടേഷന്‍ നല്‍കിയ ചക്കര ജോണിയുടെയും സഹായി രഞ്ജിത്തിന്‍റെയും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉദയഭാനുവിന്‍റെ കൂടി ആവശ്യപ്രകാരമാണ് രാജീവിനെ തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് പറയുന്നുണ്ട്. അറസ്റ്റിലായ ജോണിയും രഞ്ജിത്തും ഷൈജുവും ഉദയഭാനുവിന്‍റെ പേര് മൊഴികളിൽ പറയുന്നുണ്ട്. ഉദയഭാനുവിനെതിരെ തെളിവുകള്‍ ശേഖരിക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. ഉദയഭാനുവിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും തെളിവുകള്‍ ശേഖരിച്ച് വരികയാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

അഭിഭാഷകന്‍ ഉദയഭാനു ചാലക്കുടി ഡിവൈഎസ്പിക്ക് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് രാജീവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ അഭിഭാഷകന് പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഡിവൈഎസ്പി ഷാഹുല്‍ ഹമീദിനെ കേസിലെ സാക്ഷിയാക്കാന്‍ തീരുമാനിച്ചത്. മരണത്തിനു മുമ്പ് വധഭീഷണിയുണ്ടെന്ന് കാട്ടി ഉദയഭാനുവിനും ജോണിക്കും എതിരെ രാജീവ് നല്‍കിയ പരാതികളും പ്രധാന തെളിവുകളായി പരിഗണിക്കപ്പെടുമെന്നാണ് സൂചന. കൊലയ്ക്ക് മുമ്പും ശേഷവും അറസ്റ്റിലായവരുമായി സി പി ഉദയഭാനു നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.

Similar Posts