മലമ്പുഴയിലെ വെള്ളം കിന്‍ഫ്രയിലേക്ക് കൊണ്ടുപോകരുതെന്ന് ആവശ്യം
|മലമ്പുഴ ഡാമിലെ വെള്ളം കഞ്ചിക്കോട് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് ജില്ലാ വികസന സമിതിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മലമ്പുഴ ഡാമിലെ വെള്ളം കഞ്ചിക്കോട് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് ജില്ലാ വികസന സമിതിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭരണപരിഷ്കരണ കമ്മീഷന് അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന് എംഎല്‍എയുടെ രേഖാമൂലമുള്ള ആവശ്യപ്രകാരമാണ് പ്രമേയം.
ജലസേചന വകുപ്പിന് കീഴിലുള്ള മലമ്പുഴ ഡാമിലെ ജലം പ്രധാനമായും ഉപയോഗിക്കുന്നത് പാലക്കാട് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളാവശ്യത്തിനാണ്. ബാക്കിയുള്ള വെള്ളമാണ് നിലവില്‍ കാര്‍ഷികാവശ്യത്തിന് നല്‍കുന്നത്. എന്നാല്‍ ഒന്നാം വിളയുടെ കാലത്ത് പോലും കാര്‍ഷികാവശ്യത്തിനുള്ള ജലം നല്കാത്തതിനാല് ഇക്കുറി കൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ കിന്‍ഫ്ര പാര്ക്കിന് വ്യാവസായികാവശ്യത്തിന് ജലം നല്‍കാനുളള പദ്ധതി ഉപേക്ഷിക്കണമെന്നാണ് പ്രമേയത്തിലൂടെ ജില്ലാ വികസന സമിതി ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് മലമ്പുഴ - കിന്‍ഫ്ര പൈപ് ലൈന്‍ വിരുദ്ധ സമിതി ചെയര്മാന് ടി ശിവരാജന് നല്കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.