സോളാര്‍ കേസ്: തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
|സോളാര്‍ തട്ടിപ്പ് കേസില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതിന് പിന്നാലെ തുടര്‍ നടപടികളുമായി വേഗത്തില്‍ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനം
സോളാറിലെ തുടര്‍നടപടികള്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തേണ്ട അംഗങ്ങളെ സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാവും. അതേസമയം സോളാര്‍ തട്ടിപ്പ് കേസിലെ തുടരന്വേഷണ സംഘം ഇന്ന് യോഗം ചേര്‍ന്നേക്കും.
സോളാര്‍ തട്ടിപ്പ് കേസില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതിന് പിന്നാലെ തുടര്‍ നടപടികളുമായി വേഗത്തില്‍ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനം. അന്വേഷണ സംഘത്തെ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കാനാണ് ഇന്ന് മന്ത്രിസഭായോഗം വിളിച്ചിരിക്കുന്നത്. പീഡനക്കേസിനൊപ്പം തന്നെ അഴിമതി കേസും പ്രത്യേക സംഘം തന്നെ അന്വേഷിക്കാനുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും.
അതേസമയം തുടരന്വേഷണത്തിന്‍റെ നടപടികള്‍ ആലോചിക്കാന്‍ ഉത്തര മേഖലാ ഡിജിപി രാജേഷ് ദിവാന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉടൻ യോഗം ചേരും. സോളാര്‍ കമ്മീഷന്റെ കണ്ടെത്തലുകളും തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളും കേസിലെ പ്രതി സരിത എസ് നായരുടെ ആരോപണങ്ങളും അടിസ്ഥാനമാക്കിയാകും തുടരന്വേഷണം നടത്തുക. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും എഡിജിപിക്കും ഐജിക്കുമെതിരായ ലൈംഗിക ആരോപണവും അന്വേഷണ പരിധിയിലുണ്ട്. തെളിവ് ലഭിച്ചാൽ മാത്രമാകും ഇവർക്ക് എതിരെ കേസെടുക്കുക.
അന്വേഷണത്തിന്റെ ഭാഗമായി സരിതയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. നിലവില്‍ ഡിജിപി ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തിലുള്ളത്. അന്വേഷണസംഘത്തെ ഇനിയും വിപുലീകരിക്കാൻ സർക്കാർ അനുവാദവും നൽകിയിട്ടുണ്ട്. വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും കേസിന്റെ സങ്കീര്‍ണ്ണത മൂലം അന്വേഷണം നീളുമെന്ന് ഉറപ്പാണ്.