ഓഖി ദുരിതാശ്വാസം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷിയോഗം
|ചുഴലിക്കാറ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവും യോഗം ചര്‍ച്ച ചെയ്യും.
ഓഖി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും. വൈകിട്ട് മൂന്ന് മണിയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവും യോഗം ചര്‍ച്ച ചെയ്യും.
ചുഴലിക്കാറ്റിനെ തടുര്‍ന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് സര്‍വ്വകക്ഷി യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മത്സ്യത്തൊഴിലാളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിനെ കുറിച്ച് മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിക്കും. കേന്ദ്രത്തില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പുകള്‍ സംബന്ധിച്ച കാര്യങ്ങളും മുഖ്യമന്ത്രി വ്യക്തമാക്കും. 30ന് ഉച്ചക്ക് മാത്രമാണ് ചുഴലിക്കാറ്റിന്‍റെ മുന്നറിയിപ്പ് ലഭിച്ചതെന്ന കാര്യവും മുഖ്യമന്ത്രി അറിയിക്കും.
മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കണമെന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കാനാണ് സാധ്യത. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ധനസഹായം നേടിയെടുക്കാനാവശ്യമായ നടപടികള്‍ സംബന്ധിച്ച ചര്‍ച്ചകളും സര്‍വ്വകക്ഷി യോഗത്തില്‍ നടക്കും. ദേശീയ ദുരന്തമായി പരിഗണിച്ച് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ആവശ്യമായ തുക കേന്ദ്രം നല്‍കണമെന്ന ആവശ്യമായിരിക്കും കേരളം മുന്നോട്ട് വെയ്ക്കുക.