വൃദ്ധ സഹോദരങ്ങള്‍ക്ക് വൈദ്യുതി നല്‍കാതെ സിഎസ്‌ഐ സഭ ദ്രോഹിക്കുന്നു
|ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വര്‍ഷങ്ങളായി സിഎസ്‌ഐ സഭയും ടിസി മാത്യുവിന്റെ കുടുംബവും തമ്മില്‍ നിയമപോരാട്ടം നടക്കുന്നുണ്ട്. ആയതുകൊണ്ട് തന്നെ പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഇവര്‍ക്ക് അന്യമാണ്.
ഭൂമി തര്‍ക്കത്തിന്റെ പേരില്‍ വൃദ്ധ സഹോദരങ്ങള്‍ക്ക് വൈദ്യുതി നല്‍കാതെ സിഎസ്‌ഐ സഭ ദ്രോഹിക്കുന്നതായി പരാതി. കോട്ടയം സിഎംസ് കോളേജ് കോമ്പൗണ്ടില്‍ താമസിക്കുന്ന ടിസി മാത്യുവിനും സഹോദരിക്കുമാണ് സിഎസ്‌ഐ സഭ വെളിച്ചം നിഷേധിക്കുന്നത്. വീട്ടിലേക്ക് വൈദ്യുതി എത്തിക്കാന്‍ വലിച്ച ലൈന്‍ മുറിച്ച് മാറ്റിയെന്നും ഇവര്‍ പരാതിപ്പെടുന്നു.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വര്‍ഷങ്ങളായി സിഎസ്‌ഐ സഭയും ടിസി മാത്യുവിന്റെ കുടുംബവും തമ്മില്‍ നിയമപോരാട്ടം നടക്കുന്നുണ്ട്. ആയതുകൊണ്ട് തന്നെ പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഇവര്‍ക്ക് അന്യമാണ്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ വൈദ്യുതി നല്‍കണമെന്ന് ജില്ല മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.
പോസ്റ്റുകളും മീറ്ററും സ്ഥാപിച്ച് വൈദ്യുതി എത്തിക്കാനുള്ള എല്ലാ നടപടിയും കെഎസ്ഇബിയും പൂര്‍ത്തിയാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം സഭയുമായി ബന്ധപ്പെട്ട ചിലരെത്തി വൈദ്യുതി കമ്പികള്‍ മുറിച്ച് മാറ്റുകയായിരുന്നു. സിഎംഎസ് കോളേജ് ക്യാമ്പസിനുള്ളിലാണ് ഇവരുടെ ഈ ചെറിയ വീട്. ക്യാമ്പസ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇവരെ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം.
കോളേജ് നിര്‍മ്മാണത്തിനായി മിഷണറിമാര്‍ കൊണ്ടുവന്ന ജോലിക്കാരുടെ പിന്തലമുറയിലെ അവസാനകണ്ണിയാണ് ടിസി മാത്യുവും സഹോദരി തങ്കമ്മയും.