കേരളത്തില്‍ വേനല്‍ ചൂട് കടുക്കുമെന്ന് മുന്നറിയിപ്പ്
|വരും ദിവസങ്ങളിലും തല്‍സ്ഥിതി തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്നു. വരും ദിവസങ്ങളിലും തല്‍സ്ഥിതി തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. വേനല്‍ ചൂട് ശക്തമായതോടെ കാട്ടു തീ പടര്‍ന്നു പിടിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തിരുവനന്തപുരത്ത് വിലക്ക് ലംഘിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച ഗോകുലം പബ്ലിക് സ്കൂളിന്റെ ബസുകള്‍ ജില്ലാ കലക്ടര്‍ പിടിച്ചെടുത്തു.
മുപ്പത് വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് ചൂടാണ് കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പല ജില്ലകളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് മുതല്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ എല്ലാ സ്കൂളുകള്‍ക്കും ഈ മാസം 20 വരെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിച്ച ആറ്റിങ്ങല്‍ ഗോകുലം പബ്ലിക് സ്കൂളിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും സ്കൂള്‍ ബസുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ യൂണിഫോം വിതരണത്തിന് വേണ്ടിയാണ് വിദ്യാര്‍ഥികളെ വിളിപ്പിച്ചതെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. മിക്ക ജില്ലകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ചൂട് കനത്തതോടെ കാട്ടുതീയും പടര്‍ന്ന് പിടിക്കുന്നുണ്ട്. ഇടുക്കി കുഞ്ചിത്തത്തണ്ണിയില്‍ മഞ്ഞ മഴ പെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. പെയ്തത് അമ്ലമഴയാണെന്ന സംശയത്തെ തുടര്‍ന്ന് കൃഷി വകുപ്പ് സാമ്പിള്‍ ശേഖരിച്ചു. സംസ്ഥാന സര്‍ക്കാരും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.