മകരവിളക്ക് സുരക്ഷയില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
|മകരവിളക്കിനോടനുബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ സന്നിധാനത്ത് ഉണ്ടാകണമെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മകര വിളക്കിനോടനുബന്ധിച്ച് സന്നിധാനത്തും പരിസരത്തും കൂടുതല്‍ ജാഗ്രതയോടെയുള്ള മുന്നൊരുക്കം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മകരവിളക്കിനോടനുബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ സന്നിധാനത്ത് ഉണ്ടാകണമെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മകരവിളക്കിന് മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തീര്‍ത്ഥാടകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ 13 മുതല്‍ 15 വരെ തിയതികളില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ശബരിമലയില്‍ ഉണ്ടായിരിക്കണം. ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനങ്ങള്‍ എടുക്കുന്നതും വേഗത്തിലാക്കുന്നതിനാണിത്. പുല്ലുമേട്, ഉപ്പുപാറ, പാഞ്ചാലിമേട്, പരുന്തന്‍ പാറ, എന്നിവിടങ്ങളില്‍ ബാരിക്കേഡ് സ്ഥാപിക്കുകയും വൈദ്യുതി വിളക്കുകള്‍ സജ്ജമാക്കുകയും ചെയ്യും.
മകരവിളക്കിന് പോലീസ് സേനാംഗങ്ങളുടെ അംഗ ബലം വര്‍ദ്ധിപ്പിക്കും. കുടിവെള്ള വിതരണം കെഎസ്ആര്‍ടിസി സര്‍വീസ് തെരുവ് വിളക്ക് എന്നിവ കാര്യക്ഷമമാക്കും, മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളെ ക്രമീകരിക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മകരവിളക്കിന്റെ പ്രധാന എട്ട് വ്യൂ പോയന്റുകളില്‍ ഇതിനോടകം പരിശോധന പൂര്‍ത്തിയാക്കി, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി 11 ആം തിയതി നടക്കും.