ഹാദിയയുടെ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടതില്ല: സുപ്രീംകോടതി
|വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്, ആയതിനാല്‍ എന്‍ ഐ എ വിവാഹക്കാര്യം അന്വേഷിക്കേണ്ടതില്ല, വിവാഹവും കേസും..
ഹാദിയയുടെ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ തന്നെ പറഞ്ഞ സാഹചര്യത്തില്‍ കോടതിക്ക് എങ്ങനെ ഇടപെടാനാകുമെന്ന് സുപ്രീം കോടതി ചോദിച്ചു. കേസില്‍ ഹാദിയയെ കക്ഷി ചേര്‍ത്ത കോടതി കേസ് വീണ്ടും പരിഗണിക്കാനായി അടുത്തമാസം 22 ലേക്ക് മാറ്റി.
ഹാദിയയെ മോചിതയാക്കിയ ഇടക്കാല വിധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ട ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ നിര്‍ണ്ണായക നീരീക്ഷണങ്ങളാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ഒരാളുടെ വിവാഹത്തെ കുറിച്ച് അന്വേഷിക്കാനാകില്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്, ആയതിനാല്‍ എന്‍ ഐ എ വിവാഹക്കാര്യം അന്വേഷിക്കേണ്ടതില്ല. വിവാഹവും കേസും രണ്ടാണെന്നും സുപ്രിം കോടതി പറഞ്ഞു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട മറ്റേത് അന്വേഷണവും നടത്താന്‍ എന്‍ ഐ എക്ക് വിലക്കില്ലെന്ന് കോടതി വ്യക്തത വരുത്തി.
ഹാദിയയും ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹം ഹെെക്കോടതിയിലെ കേസിൽ അനുകൂല ഉത്തരവ് ലഭിക്കാൻ വേണ്ടി ആയിരുന്നു എന്നും വിവാഹം മതം മാറ്റത്തിന് മറയാക്കുകയായിരുന്നു എന്നും എന്‍ ഐ എ അഭിഭാഷകനായ മനീന്ദര്‍ സിംഗ് വാദിച്ചെങ്കിലും ചീഫ് ജസ്റ്റിസ് വാദം തുടരാന്‍ അനുവദിച്ചില്ല. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി മാത്രമാണ് പരിശോധന വിഷയമെന്നും വിവാഹത്തിന്റെ നിയമ സാധുത ചോദ്യം ചെയ്യാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിവാഹത്തിന്റെ സാഹചര്യം പരിശോധിക്കണമെന്ന ഹാദിയയുടെ അച്ഛന്റെ അഭിഭാഷകന്റെ അവശ്യവും കോടതി നിരാകരിച്ചു. കേസില്‍ സംസ്ഥാന സര്‍ക്കാരിനായി ഹാജരായിരുന്ന അഭിഭാഷകനായ വി ഗിരിയെ ഇന്ന് മാറ്റിയിരുന്നു. ഇതിനെതിരെ ഹാദിയയുടെ പിതാവ് അശോകന് രംഗത്തെത്തി.