കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്ഷന് മുടക്കരുതെന്ന് ഹൈക്കോടതി
|കെഎസ്ആര്‍ടിസി പുനരുദ്ധാരണവുമായി ബന്ധപ്പെട്ട സുശീല്‍ ഖന്ന റിപ്പോര്ട്ടിന്മേല് സംസ്ഥാന സര്‍ക്കാറും കെ.എസ്.ആര്.ടി.സിയും സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്ഷന് നല്‍കണമെന്നു ഹൈക്കോടതി. പ്രതിദിന വരുമാനത്തിന്റെ പത്ത് ശതമാനം പെന്ഷന് ആനുകൂല്യത്തിനായി നീക്കി വയ്ക്കണമെന്ന് 2002ല്‍ ഹൈകോടതി ഉത്തരവുണ്ട്. ഈ ഉത്തരവ് പാലിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയത്.
കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിരമിച്ചവര്‍ക്കുള്ള പെന്ഷന് നല്‍കണമെന്ന ഹൈകോടതി ഉത്തരവിട്ടത്. പെന്ഷന് നല്‍കുന്നതിനായി പ്രതിദിന വരുമാനത്തില്‍ നിന്നും 10% വീതം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണം. കെഎസ്ആര്‍ടിസി പുനരുദ്ധാരണവുമായി ബന്ധപ്പെട്ട സുശീല്‍ ഖന്ന റിപ്പോര്ട്ടിന്മേല് സംസ്ഥാന സര്‍ക്കാറും കെ.എസ്.ആര്.ടി.സിയും സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
കെ.എസ്.ആര്.ടി.സിയെ നഷ്ടത്തില്‍ നിന്ന് കര കയറ്റുകയെന്ന ലക്ഷ്യത്തോടെ കൊല്‍ക്കത്ത ഐ.ഐ.ടിയിലെ പ്രൊഫസറായ സുശീല്‍ ഖന്നയെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിക്കുകയായിരുന്നു. കെ.എസ്.ആര്.ടി.സിയെ മൂന്നു മേഖലകളായി തിരിക്കണമെന്നതടക്കം ശുപാര്‍ശകളാണ് സുശീല്‍ ഖന്ന റിപോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ചാണ് ഹൈകോടതി നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
പെന്ഷന് കെ.എസ്.ആര്.ടി.സിയിലെ മുന്‍ ജീവനക്കാരുടെ അവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തൊഴിലുടമയുടെ സാമ്പത്തിക സ്ഥിതിയുടെ പേരില്‍ പെന്ഷന് നല്കാതിരിക്കാനാവില്ല. പെന്ഷന് മുടങ്ങാതിരിക്കാന്‍ ആവശ്യമായത് ചെയ്യണമെന്നും കോടതി വ്യക്തമാക്കി.