Kerala
സൌജന്യ ചികിത്സാ പദ്ധതികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നുസൌജന്യ ചികിത്സാ പദ്ധതികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നു
Kerala

സൌജന്യ ചികിത്സാ പദ്ധതികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നു

Sithara
|
29 May 2018 1:44 PM GMT

ഇഎസ്ഐ, കാരുണ്യ, സ്നേഹസ്പര്‍ശം, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നിന്ന് പിന്‍മാറാനാണ് സ്വകാര്യ ആശുപത്രികളുടെ തീരുമാനം

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ നിന്ന് പിന്മാറാന്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തീരുമാനിച്ചു. 100 കോടിയിലധികം രൂപയുടെ കുടിശ്ശിക ചൂണ്ടിക്കാട്ടിയാണ് പദ്ധതികളില്‍ നിന്ന് പിന്മാറുന്നതെന്ന് സ്വകാര്യ ആശുപത്രി അസോസിയേഷന്‍ അറിയിച്ചു. നഴ്സ്മാരുടെ ശമ്പള വര്‍ധനവും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടും നടപ്പിലാക്കി സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നാണ് അസോസിയേഷന്‍റെ ആരോപണം.

ഇഎസ്ഐ, കാരുണ്യ, സ്നേഹസ്പര്‍ശം, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നിന്ന് പിന്‍മാറാനാണ് സ്വകാര്യ ആശുപത്രികളുടെ തീരുമാനം. നഴ്സുമാരുടെ ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തുകയാണ് ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ നിന്ന് പിന്‍മാറുന്നതിലൂടെ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതിലൂടെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുമെന്നാണ് സ്വകാര്യ ആശുപത്രി അസോസിയേഷന്‍റെ കണക്കുകൂട്ടല്‍. നഴ്സുമാരുടെ ശമ്പള വര്‍ധനവ് അശാസ്ത്രീയമാണ്, മറ്റ് സംസ്ഥാനങ്ങളില്‍ 8000 രൂപ മാത്രം നഴ്സുമാര്‍ക്ക് അടിസ്ഥാന ശമ്പളം നല്‍കുമ്പോള്‍ കേരളത്തില്‍ 30000 രൂപക്ക് മുകളില്‍ ശമ്പളം നല്‍കണമെന്നാണ് സര്‍ക്കാര്‍ വാദം. ഇത് അംഗീകരിക്കാനാവില്ല. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പിലാക്കുന്നതോടെ സ്വകാര്യ ആശുപത്രികള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയിലാകുമെന്നും അസോസിയേഷന്‍ ആരോപിച്ചു

ഇരുനൂറോളം സ്വകാര്യ ആശുപത്രികളിലാണ് നിലവില്‍ സര്‍ക്കാരിന്‍റെ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുന്നത്. പദ്ധതിയില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം ആശുപത്രികള്‍ പുനപരിശോധിച്ചില്ലെങ്കില്‍ ഇഎസ്ഐ അടക്കമുള്ള സേവനങ്ങള്‍ക്ക് തൊഴിലാളികള്‍ സര്‍ക്കാര്‍ ആശുപത്രികളെ മാത്രം ആശ്രയിക്കേണ്ടി വരും.

Similar Posts