ബിനോയ് കോടതിക്ക് പുറത്ത് പ്രശ്ന പരിഹാര നീക്കം തുടങ്ങി
|ചില ഇടനിലക്കാർ മുഖേനയാണ് ഹരജിക്കാരനായ ഹസൻ ഇസ്മായിൽ അൽ മർസൂഖിയുമായി പ്രശ്ന പരിഹാര ശ്രമങ്ങൾ തുടങ്ങിയത്.
യാത്രാവിലക്കിനെതിരെ അപ്പീൽ നല്കുമ്പോള് തന്നെ കോടതിക്ക് പുറത്തുള്ള പ്രശ്നപരിഹാരത്തിനും ബിനോയ് കോടിയേരി നീക്കം തുടങ്ങി. ചില ഇടനിലക്കാർ മുഖേനയാണ് ഹരജിക്കാരനായ ഹസൻ ഇസ്മായിൽ അൽ മർസൂഖിയുമായി പ്രശ്ന പരിഹാര ശ്രമങ്ങൾ തുടങ്ങിയത്.
യാത്രാവിലക്ക് ഏർപ്പെടുത്തി എട്ട് ദിവസത്തിനകം എല്ലാ രേഖകളും സഹിതം പ്രധാന സിവിൽ കേസ് ഫയൽ ചെയ്തിരിക്കണം എന്നാണ് യുഎഇ നിയമം. അല്ലാതെ വന്നാൽ യാത്രാവിലക്ക് സ്വമേധായ ഇല്ലാതാകും. കൂടുതൽ തെളിവുകൾ സഹിതം ബിനോയിക്കെതിരെ സിവിൽ കേസുമായി നീങ്ങാൻ ജാസ് ടൂറിസം കമ്പനിയും യാത്രാവിലക്ക് നീക്കി കിട്ടാൻ ബിനോയിയും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. നിയമ നടപടിക്കൊപ്പം തന്നെ ഒത്തുതീർപ്പ് നീക്കവും പുരോഗമിക്കുന്നതായാണ് ഇരു വിഭാഗവുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന.
30 ലക്ഷം ദിർഹം സംബന്ധിച്ച് ജാസ് ടൂറിസം മുമ്പ് സമർപ്പിച്ച രേഖകൾ പ്രകാരം ഈ ചെക്കുകളിൽ രണ്ടെണ്ണം ബിനോയിയുടെ കമ്പനിയുടേതാണ്. ഒന്ന് സ്വന്തം പേരിലും. തനിക്ക് നഷ്ടപ്പെട്ട 13 കോടി രൂപ തിരികെ ലഭിക്കണം എന്നാണ് മർസൂഖി നേരത്തെ സിപിഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയത്. എന്നാൽ വളരെ കുറഞ്ഞ തുകയുടെ ഇടപാട് മാത്രമാണ് ഹരജിക്കാരുമായുള്ളതെന്നാണ് ബിനോയിയുടെ വാദം.
നിയമ നടപടിയേക്കാൾ കോടതിക്ക് പുറത്തുള്ള പ്രശ്നപരിഹാരമാണ് ഇരു വിഭാഗവും ആഗ്രഹിക്കുന്നത്. പ്രവാസ ലോകത്ത് സ്വാധീനമുള്ള ചില ഇടനിലക്കാരും പ്രശ്നപരിഹാരവുമായി രംഗത്തുണ്ട്.