ആദ്യ സഹകരണ നയത്തിന്റെ കരട് അവതരിപ്പിച്ചു
|സര്‍ക്കാരിന്റെ കരട് സഹകരണ നയം മന്ത്രി കടകംപളളി സുരേന്ദ്രന് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സഹകരണ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു
സര്‍ക്കാരിന്റെ കരട് സഹകരണ നയം മന്ത്രി കടകംപളളി സുരേന്ദ്രന് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സഹകരണ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. കേരള ബാങ്ക് രൂപീകരണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപാടുകള്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ മുഖേനയാക്കുക തുടങ്ങിയവയാണ് കരടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ നയത്തിലെ പല നിര്‍ദ്ദേശങ്ങളും പ്രായോഗികമല്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത യുഡിഎഫ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ആദ്യമായി തയ്യാറാക്കുന്ന സഹകരണ നയത്തിന്റെ കരടാണ് മന്ത്രി ഇന്നലെ സഹകരണ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. 21 നിര്‍ദ്ദേശങ്ങളാണ് കരട് നയം മുന്നോട്ട് വെക്കുന്നത്. കേരളാ ബാങ്കിന് തന്നെയാണ് നയത്തില്‍ പ്രധാന ഊന്നല്‍. പഞ്ചായത്തുകളുടെ നിക്ഷേപമടക്കമുളള ഇടപാടുകള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയാക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി നടത്തിപ്പില്‍ സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും നയം നിര്‍ദ്ദേശിക്കുന്നു.
നഷ്ടത്തിലായ കണ്‍സ്യൂമര്‍ സംഘങ്ങള്‍ അടച്ചു പൂട്ടുക, പ്രവര്‍ത്തന മികവില്ലാത്ത സംഘങ്ങള്‍ പ്രാഥമിക ബാങ്കുകളില്‍ ലയിപ്പിക്കുക, പ്രവാസികള്‍ക്കായി പ്രത്യേക സഹകരണ സംഘം രൂപീകരിക്കുക തുടങ്ങിയവയും കരടിലുണ്ട്. എന്നാല്‍ കേരള ബാങ്ക് രൂപീകരണമടക്കമുളള കരടിലെ പല നിര്‍ദ്ദേശങ്ങളെയും ചര്‍ച്ചയില്‍ പങ്കെടുത്ത യുഡിഎഫ് നേതാക്കളും സഹകാരികളും എതിര്‍ത്തു. സഹകരണ കോണ്‍ഗ്രസിന്റെ രണ്ടാം ദിനമായ ഇന്ന് വിവിധ വിഷയങ്ങളില്‍ ഏഴോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.