ബസ് സമരം അഞ്ചാം ദിവസത്തില്‍; സര്‍ക്കാര്‍ നോട്ടീസ് അയച്ചതോടെ സമരക്കാര്‍ സമ്മര്‍ദ്ദത്തില്‍
|പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്കി സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ ബസുടമകള്‍ വെട്ടിലായി
സ്വകാര്യ ബസ് സമരം അഞ്ചാം ദിവസത്തില്‍. സമരം ചെയ്യുന്നവര്‍ക്ക് നോട്ടീസയച്ച് സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തതോടെ സ്വകാര്യ ബസുടമകള്‍ സമ്മര്‍ദ്ദത്തിലായി. പ്രശ്നപരിഹാരത്തിന് ബസുടമകള്‍ ഇന്ന് വീണ്ടും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയേക്കും.
ചെറിയ തോതില്‍ ടിക്കറ്റ് നിരക്കുയര്‍ത്തിയിട്ടും പണിമുടക്കിയ സ്വകാര്യ ബസുടമകള്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാമെന്നാണ് കണക്കുകൂട്ടിയത്. എന്നാല്‍ പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്കി സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ ബസുടമകള്‍ വെട്ടിലായി. മറുപടി തൃപ്തികരമല്ലെങ്കിൽ പെർമിറ്റുകൾ തിരികെ വാങ്ങി സര്‍വീസ് നടത്താന്‍ താത്പര്യമുള്ള മറ്റ് സ്വകാര്യ ഓപറേറ്റർമാർക്ക് കൈമാറുമെന്നാണ് ട്രാൻസ്പോർട്ട്കമീഷണറുടെ നിലപാട്. പ്രതിരോധത്തിലായ ബസ് ഉടമകള്‍ ഇന്ന് വീണ്ടും മുഖ്യമന്ത്രിയെ കണ്ടേക്കും. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ല.
അതേസമയം പെര്‍മിറ്റ് റദ്ദാക്കുമെന്ന മുന്നറിയിപ്പ് ബസുടമകളെയും സമരത്തില്‍ നിന്ന് പിന്തിരിയാന് പ്രേരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ വൈകിട്ടോടെ കൂടുതല്‍ ബസുകള്‍ സമരം നിര്‍ത്തി സര്‍വീസ് നടത്തി. ഇന്ന് മിക്കവാറും മുഴുവന്‍ സിറ്റി ബസുകളും സര്‍വീസ് പുനരാരംഭിച്ചേക്കും. ദേശസാല്‍കൃത റൂട്ടായ നഗരത്തില്‍ പണിമുടക്കില്ലെന്ന നിബന്ധനയോടെയാണ് ഹൈക്കോടതി സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിരുന്നത്. ബസുടമകള്‍ക്കിടയിലും ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ സമരം പരാജയത്തില്‍ കലാശിക്കുമെന്നാണ് സൂചന.