സര്‍ക്കാര്‍ ഉത്തരവ്: കേരളത്തിലെ പൂട്ടിക്കിടക്കുന്ന മദ്യശാലകള്‍ തുറക്കുന്നു
|പുതുതായി സംസ്ഥാനത്ത് തുറക്കുന്നത് അടഞ്ഞുകിടക്കുന്ന 10 ബാറുകള്‍, 171 ബിയര്‍-വൈന്‍ പാര്‍ലറുകള്‍, 518 കള്ളുഷാപ്പുകള്‍
പൂട്ടികിടക്കുന്ന മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയതോടെ പത്തോളം ബാറുകള്‍ തുറക്കും.171 ബിയര്‍-വൈന്‍ പാര്‍ലറുകളാണ് തുറക്കുക.അടഞ്ഞ് കിടക്കുന്ന 518 ഷാപ്പുകള്‍ക്കും ഇനി മുതല്‍ കള്ളുകള്‍ വില്‍ക്കാം.
യുഡിഎഫ് സര്‍ക്കാര്‍, ഫൈവ് സ്റ്റാര്‍ ഒഴികയുള്ള മുഴുവന്‍ ബാറുകളും പൂട്ടിയിട്ട സമയത്താണ് ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന് 2015 ഡിസംബര്‍ 15-ന് സുപ്രീംകോടതി ഉത്തരവിട്ടത്. അപ്പോള്‍ 30 ഫൈവ് സ്റ്റാര്‍ ബാറുകളും, 34 ബാര്‍ ലൈസന്‍സുള്ള ക്ലബുകളും ഉണ്ടായിരുന്നു. ചില്ലറ വില്‍പ്പന ശാലകള്‍ 306-എണ്ണവും.
സുപ്രീംകോടതി വിധി വന്നതിനെത്തുടര്‍ന്ന് 341 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ പൂട്ടി, ഏഴ് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കും 18 ക്ലബുകള്‍ക്കും, 96 ചില്ലറ വില്‍പ്പനശാലകള്‍ക്കും പൂട്ടുവീണു. പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയതോടെ ത്രീസ്റ്റാറും, അതിന് മുകളിലുള്ളതുമായ 183 ബാറുകള്‍ തുറന്നു. 64 എണ്ണത്തിന് പുതുതായി ലൈസന്‍സ് കൊടുത്തു. ബിവറേജസ് കോര്‍പ്പറേഷന്റെ 270 ഔട്ട്‌ലെറ്റുകളില്‍ 262ഉം തുറന്നിട്ടുണ്ട്.
പിന്നീട് മുന്‍ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തതോടെയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ 500 മീറ്റര്‍ പരിധിയില്‍ കുരുങ്ങി പൂട്ടേണ്ടി എല്ലാ മദ്യശാലകളും തുറക്കാം എന്നതാണ് സ്ഥിതി.