Kerala
ചികിത്സ കിട്ടാതെ വലഞ്ഞ് രോഗികള്‍; സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം രണ്ടാംദിവസവും  തുടരുന്നുചികിത്സ കിട്ടാതെ വലഞ്ഞ് രോഗികള്‍; സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം രണ്ടാംദിവസവും തുടരുന്നു
Kerala

ചികിത്സ കിട്ടാതെ വലഞ്ഞ് രോഗികള്‍; സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം രണ്ടാംദിവസവും തുടരുന്നു

Khasida
|
29 May 2018 4:42 AM GMT

സമരം തുടര്‍ന്നാല്‍ നടപടിയെന്ന് സര്‍ക്കാര്‍: നേരിടുമെന്ന് കെജിഎംഒഎ

രോഗികളെ ദുരിതത്തിലാക്കി സർക്കാര്‍ ഡോക്ടർമാരുടെ ഒ പി ബഹിഷ്കരണ സമരം രണ്ടാം ദിവസവും തുടരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതെ വന്നതോടെ മിക്ക രോഗികളും മെഡിക്കല്‍ കോളേജുകളെയാണ് ഇന്നാശ്രയിച്ചത്. ഒ പി സമയം കൂട്ടിയ തീരുമാനം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. സമരം അവസാനിപ്പാക്കാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന് പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടു.

സമരം പ്രഖ്യാപിച്ചത് അറിയാതെ ആയിരക്കണക്കിന് രോഗികള്‍ ഇന്നലെ ജനറല്‍ ആശുപത്രികളിലേക്ക് അടക്കം എത്തിയെങ്കിലും ഇന്ന് അതായിരുന്നില്ല അവസ്ഥ. പിജി ഡോക്ടര്‍മാരും, എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരും മിക്ക ആശുപത്രികളിലും ഉണ്ടായിരുന്നെങ്കിലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകാത്തത് മൂലം മെഡിക്കല്‍ കൊളേജുകളെയാണ് മിക്കവരും ഇന്നാശ്രയിച്ചത്.

സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും വര്‍ധിച്ച ഒ പി സമയം കൂറക്കാതെ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍. ജനങ്ങളെ ബുദ്ധമുട്ടിലാക്കുന്ന സമരം അവസാനിപ്പിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു..

ആർദ്രം പദ്ധതിയുടെ ഭാഗമായി സർക്കാർ ആശുപത്രികളിലെ ഒ പി സമയം കൂട്ടിയതിനെതിരെയാണ് ഇന്നലെ മുതൽ മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. പണിമുടക്കിനെ തുടർന്ന് ആരോഗ്യ വകുപ്പ് ബദൽ മാർഗങ്ങൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും മിക്കയിടങ്ങളിലും ഒ പികളുടെ പ്രവർത്തനം സ്തംഭിച്ച അവസ്ഥയിലാണ്. അതേസമയം സമരത്തെ ശക്തമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. മുന്‍കൂട്ടി അവധിയെടുക്കാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നത് അനധികൃതമായ അവധിയായി ആയി കണക്കാക്കി ആ ദിവസത്തെ ശമ്പളം നല്‍കില്ലെന്നാണ് സർക്കാർ മുന്നറിയിപ്പ്. എന്നാൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്ന നിലപാടിലാണ് കെജിഎംഒഎ. ഈ മാസം 18 മുതല്‍ കിടത്തി ചികിത്സ നിര്‍ത്തുമെന്നുമെന്നും സംഘടനാനേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.സര്‍ക്കാര്‍ ചര്‍ച്ച നടത്തി ഡോക്ടർമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാകണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

Related Tags :
Similar Posts