Kerala
ശ്രീജിത്തിന്റെ അറസ്റ്റ് ആളുമാറി തന്നെശ്രീജിത്തിന്റെ അറസ്റ്റ് ആളുമാറി തന്നെ
Kerala

ശ്രീജിത്തിന്റെ അറസ്റ്റ് ആളുമാറി തന്നെ

Khasida
|
29 May 2018 12:21 AM GMT

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ അറസ്റ്റ് ആളുമാറി തന്നെയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു

വരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റേത് ആളുമാറിയുള്ള അറസ്റ്റാണെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. ശ്രീജിത്തിനേയടക്കം അറസ്റ്റ് ചെയ്യാനിടയായ വീടാക്രമണക്കേസിലെ പ്രതികളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. കസ്റ്റഡി മരണക്കേസിലെ ആദ്യ അറസ്റ്റ് ഇന്നുണ്ടായേക്കും.

വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ കഴിയവേ ആശുപത്രിയിൽ വെച്ച് മരിച്ച ശ്രീജിത്തിന്റെ അറസ്റ്റ് ആളുമാറിയാണെന്ന ആരോപണത്തിലാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തത വരുത്തിയത്. വീടാക്രമണക്കേസിലെ പരാതിക്കാരന്റേതടക്കം നിരവധി സാക്ഷിമൊഴികൾ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം കേസ് രേഖകളും പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആളുമാറിയുള്ള അറസ്റ്റാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്.

വരാപ്പുഴയിൽ ആത്മഹത്യ ചെയ്ത വാസുദേവന്റെ സഹോദരൻ ഗണേശൻ നൽകിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെയും സഹോദരനെയും രാത്രി ആര്‍ടിഎഫ് കസ്റ്റഡിയിലെടുത്തതെന്നാണ് കണ്ടെത്തൽ. അതേസമയം വീടാക്രമണക്കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നത് ആലുവ പൊലീസ് ക്ലബിൽ തുടരുകയാണ്. കസ്റ്റഡി മരണക്കേസിൽ ദൃക്‍സാക്ഷികളായ ഇവരുടെ മൊഴി കേസിൽ ആതീവ നിർണായകമാണ്.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നുണ്ട്. ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ഫോൺ രേഖകളും പൊലീസ് പരിശോധിച്ചു വരികയാണ്. അതേ സമയം കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറിയ സമയത്ത് എടുത്ത ശ്രീജിത്തിന്റെ ചിത്രം ആര്‍ടിഎഫ് പുറത്തുവിട്ടു. സ്റ്റേഷനിലെത്തിക്കുന്നതിന് മുൻപ് ശ്രീജിത്തിന് മർദ്ദനമേറ്റിരുന്നതിന്റെ സൂചനകളില്ലാത്ത ചിത്രമാണ് പുറത്തുവന്നത്. കേസിലെ ആദ്യ അറസ്റ്റ് ഇന്നുണ്ടായേക്കാം.

പറവൂർ സി ഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ് ഐ ജി എസ് ദീപക്, സ്റ്റേഷനിലെ പൊലീസുകാർ ആർടിഎഫ് ഉദ്യോഗസ്ഥർ എന്നിവർ കേസിൽ പ്രതികളായേക്കും. ഇതിനിടെ ശ്രീജിത്തിന്റെ ശരീരത്തിലെ പരിക്കുകളെ സംബന്ധിച്ച് വിദഗ്ധ റിപ്പോർട്ട് തയ്യാറാക്കാനായി 5 ഡോക്ടർമാരുൾപെട്ട മെഡിക്കൽ ബോർഡും രുപീകരിച്ചിട്ടുണ്ട്.

Similar Posts