എസ് ഐ ദീപകിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ശ്രീജിത്തിന്റെ സഹോദരന് സജിത്ത്
|വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മെഡിക്കല്‍ബോര്‍ഡ് തീരുമാനം ഇന്ന്
വരാപ്പുഴ കേസില്‍ അറസ്റ്റിലായ എസ് ഐ ദീപകിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ശ്രീജിത്തിന്റെ സഹോദരന് സജിത്ത്. വീടാക്രമണ കേസില്‍ കസ്റ്റഡിയിലെടുത്തപ്പോള്‍ ദീപക് ക്രൂരമായി മര്‍ദിച്ചെന്ന് സജിത്ത് പറഞ്ഞു. ഓരോരുത്തരെ ആയി ലോക്കപ്പിലും പുറത്തും വെച്ച് മര്‍ദിച്ചു. പുറത്തിറങ്ങാൻ പോലും ഭയമാണെന്നും സജിത്ത് പറഞ്ഞു. ഇന്നലെയാണ് വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ പ്രതികളായ ശ്രീജിത്തിന്റെ സഹോദരന് ഉള്‍പ്പെടെയുള്ള 9 പേര് ജാമ്യത്തിലിറങ്ങിയത്.
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഏകദിന നിരാഹാര സമരം അവസാനിച്ചു. കേസ് സിബിഐക്ക് വിടുന്നത് വരെ യുഡിഎഫ് നിയമ പോരാട്ടം തുടരുമെന്ന് ചെന്നിത്തല പറഞ്ഞു. തുടര്‍ പ്രതിഷേധം ആലോചിക്കാന്‍ നാളെ യുഡിഎഫ് യോഗം ചേരും. കേരളത്തില്‍ നടക്കുന്നത് പൊലീസ് രാജാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതിനിടെ വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നേക്കും. ശ്രീജിത്തിന് എവിടെ വച്ചെല്ലാം മര്‍ദനമേറ്റെന്ന കാര്യം റിപ്പോര്‍ട്ട് വന്നാല്‍ വ്യക്തമാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ പൊലീസുകാരെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ട് വന്നാല്‍ കൂടുതല്‍ നടപടിയിലേക്ക് കടക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഐജി എസ്. ശ്രീജിത് വ്യക്തമാക്കിയിരുന്നു. വരാപ്പുഴ എ.എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ മര്‍ദനത്തില്‍ പങ്കാളികളായിട്ടുണ്ടോയെന്ന കാര്യം മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയാല്‍ സ്ഥിരീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.