ബല്‍റാമും ഷാഫിയും ഭൂരിപക്ഷം ഉയര്‍ത്തി
|യുഡിഎഫ് ക്യാമ്പുകള്‍ പോലും കണക്കുകൂട്ടാത്ത ജയമാണ് ഷാഫി പറമ്പിലും വി ടി ബല്‍റാമും ഇവിടെ ജയിച്ചത്.
ഇത്തവണ കടുത്ത മത്സരം പ്രതീക്ഷിച്ച മണ്ഡലങ്ങളാണ് തൃത്താലയും പാലക്കാടും. ഇരുമുന്നണികളും ഇവിടെ പ്രചരണത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഒപ്പത്തിനൊപ്പം നിന്നു. യുഡിഎഫ് ക്യാമ്പുകള്‍ പോലും കണക്കുകൂട്ടാത്ത ജയമാണ് ഷാഫിപറമ്പിലും വി ടി ബല്‍റാമും ഇവിടെ ജയിച്ചത്.
ബിജെപിക്ക് ആധിപത്യമുള്ള പാലക്കാട് നഗരസഭയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകൂട്ടാന്‍ ഷാഫിപറമ്പിലിനു കഴിഞ്ഞു. എല്‍ഡിഎഫ് ഭരിക്കുന്ന മാത്തൂര്‍, കണ്ണാടി പഞ്ചായത്തുകളിലും ഇത്തവണ ഷാഫി മുന്നിലെത്തി. നഗരസഭയില്‍പെട്ട അഗ്രഹാരത്തിലെ വോട്ടുകള്‍ ഷാഫി പറമ്പിലിനും ശോഭ സുരേന്ദ്രനുമായി വിഭജിക്കപ്പെട്ടു. നഗരസഭക്കു കീഴിലെ എണ്‍പത്തി രണ്ട് ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ പതിനായിരത്തോളം വോട്ടിന് പിന്നിലായിരുന്നു കൃഷ്ണദാസ്. യുഡിഎഫ് സ്വാധീനമുള്ള പിരായിരി പഞ്ചായത്തിലും അധിപത്യം ഷാഫി നിലനിര്‍ത്തി. ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ ഷാഫി പറമ്പിലിനു വേണ്ടി കേന്ദ്രീകരിക്കപ്പെട്ടു. കഴിഞ്ഞ തവണ 7403 ആയിരുന്നു ഷാഫിയുടെ ഭൂരിപക്ഷമെങ്കില് ഇത്തവണ അത് 17483 ആയി. ബിജെപിയിലെ പ്രദേശിക അഭിപ്രായ ഭിന്നതകള്‍ തുടക്കത്തില്‍ മറനീക്കി പുറത്തുവന്നെങ്കിലും രണ്ടാം സ്ഥാനത്തെത്താന്‍ ശോഭക്ക് കഴിഞ്ഞു.
തൃത്താലയില്‍ കടുത്ത വെല്ലുവിളിയാണ് ഇത്തവണ വി ടി ബല്‍റാം നേരിട്ടത്. എന്നിട്ടും കഴിഞ്ഞ തവണത്തെ 3197 എന്ന ഭൂരിപക്ഷം ബല്‍റാം 10547 വോട്ടില്‍ എത്തിച്ചു. പ്രതീക്ഷിച്ച പോലെ ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞില്ല. ബല്‍റാമിന് കഴിഞ്ഞ വട്ടം അനുകൂലമായ നായര്‍ വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപിക്കു കഴിയുമെന്നായിരുന്നു കണക്കു കൂട്ടാല്‍. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും നേടിയ അത്ര പോലും വോട്ട് നേടാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞില്ല എന്നത് ശ്രദ്ധേയം. ലോകസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഏഴായിരത്തോളം വോട്ടിന് മുന്നിലെത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നെങ്കിലും നിയമസഭ പോരാട്ടത്തില്‍ ഇടതുമുന്നണിയുടെ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കാന്‍ ബല്‍റാമിന് കഴിഞ്ഞു എന്നും കണക്കുകള്‍ തെളിയിക്കുന്നു.