ആറന്മുളയില്‍ തോല്‍വിയില്‍ച്ചൊല്ലി കലഹം
|സ്വന്തം ബൂത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പോയതിന്റെ കാരണം ശിവദാസന്‍ നായര്‍ വ്യക്തമാക്കണമെന്ന് മോഹന്‍ രാജ് ആവശ്യപ്പെട്ടു.
സ്വന്തം ബൂത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പോയതിന്റെ കാരണം ശിവദാസന്‍ നായര്‍ വ്യക്തമാക്കണമെന്ന് മോഹന്‍ രാജ് ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥന്‍ കൂടിയായ കെ ശിവദാസന്‍ നായര്‍ ആറന്മുളയില്‍ 7646 വോട്ടിനാണ് വീണാ ജോര്‍ജിനോട് തോറ്റത്. ഇത് ജില്ലയിലെ കോണ്‍ഗ്രസില്‍ പുതിയ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിമരുന്നിട്ടിരിക്കുന്നത്. തനിക്കെതിരെ പ്രവര്‍ത്തിച്ചവരെ പേരെടുത്ത് പരാമര്‍ശിച്ച് കെപിസിസിക്ക് പരാതി നല്‍കുമെന്ന് ശിവദാസന്‍ നായര്‍ ഇന്നലെ പറഞ്ഞിരുന്നു. ജില്ലയിലെ കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം വേണ്ടതു പോലെ പ്രവര്‍ത്തിച്ചില്ലെന്നും ശിവദാസന്‍ നായര്‍ വിമര്‍ശമുന്നയിച്ചു. ഇതോടെയാണ് മറുപടിയുമായി മോഹന്‍രാജ് രംഗത്തെത്തിയത്. അമിതാത്മവിശ്വാസമാണ് ശിവദാസന്‍ നായരെ തോല്‍പിച്ചതെന്നും ഇതില്‍ ഡിസിസിക്ക് പങ്കില്ലെന്നും മോഹന്‍രാജ് പ്രതികരിച്ചു.
യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്ന പത്തനംതിട്ട നഗരസഭയിലടക്കം യുഡിഎഫ് കോട്ടകളിലൊക്കെ വോട്ട് ചോര്‍ച്ച ഉണ്ടായത് അപ്രതീക്ഷിതമാണെന്ന വിലയിരുത്തലാണ് ശിവദാസന്‍ നായര്‍ക്കുള്ളത്. യുഡിഎഫിന് ആധിപത്യമുണ്ടായിരുന്ന ന്യൂനപക്ഷ കേന്ദ്രങ്ങളും ഇക്കുറി ഇടത്തേക്ക് ചാഞ്ഞു. നഗരസഭയില്‍ ഒരു വിഭാഗം നേതാക്കള്‍ കാലുവാരിയതായും ഇതിനകം ആരോപണമുയര്‍ന്നിട്ടുണ്ട്. ആറന്മുളയില്‍ സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുണ്ടായിരുന്ന ഡിസിസി പ്രഡിഡന്റ് പി മോഹന്‍ രാജും ചില ഡിസിസി ഭാരവാഹികളും ചേര്‍ന്ന് തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് കാണിച്ച് ശിവദാസന്‍ നായര്‍ കെപിസിസിക്ക് ഉടന്‍ പരാതി നല്‍കും.