റോഡിലെ കുഴിയെണ്ണി ഗതാഗതമന്ത്രി; കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി
|നിര്‍മാണപ്രവര്‍ത്തനത്തില്‍ ക്രമക്കേടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് മന്ത്രിയുടെ തീരുമാനം.
മഴ കനത്തതോടെ ദേശീയപാതയിലെ കുഴികളുടെ ആഴം വര്‍ധിക്കുകയാണ്. ആലപ്പുഴ അരൂര്‍ മുതല്‍ കായംകുളം വരെ ദേശീയ പാത വഴിയുള്ള യാത്ര ദുസ്സഹമായിരിക്കുകയാണ്. ഇതേ സ്ഥലത്ത് അയ്യായിരം കുഴി ഉണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരനും പറയുന്നു.
മന്ത്രി ആരുമറിയാതെ കാറില്‍ സഞ്ചരിച്ച് കുഴിയെണ്ണിയപ്പോള്‍ മനസിലായത് നിര്‍മാണത്തിലെ ക്രമക്കേടാണ്. മഴ വന്നപ്പോള്‍ തന്നെ ആയിരക്കണക്കിന് കുഴി ഉണ്ടായതിന്റെ ഉത്തരാവാദിത്വത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ജൂണ്‍ രണ്ടിനകം കുഴിയടക്കണമെന്ന മന്ത്രിയുടെ നിര്‍ദേശം പാലിക്കപ്പെട്ടില്ല. ഇതോടെ ഇതുവഴിയുള്ള യാത്ര കടുത്ത ദുരിതത്തിലാണ്.
അവസാനം ടാര്‍ ചെയ്ത കരാറുകാരുടെ വിവരങ്ങളും ചെലവും റോഡ് തകരാനുള്ള കാരണങ്ങളും ലഭ്യമാക്കാന്‍ ദേശീയ പാതാ ചീഫ് എഞ്ചിനീയര്‍ക്ക് ജി.സുധാരന്‍ നിര്‍ദേശം നല്‍കി. നിര്‍മാണപ്രവര്‍ത്തനത്തില്‍ ക്രമക്കേടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് മന്ത്രിയുടെ തീരുമാനം. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിനു കീഴിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആലോചനകള്‍ക്കായി ഇന്ന് മന്ത്രിയുടെ ഓഫിസില്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.