യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളില്‍ വന്‍ക്രമക്കേടെന്ന് ഉപസമിതി
|യുഡിഎഫ് സര്‍ക്കാര്‍ ക്രമവിരുദ്ധമായി കോളജുകള്‍ അനുവദിക്കുയും എയ്ഡഡ് പദവി നല്‍കുകയും ചെയ്തെന്ന് കണ്ടെത്തല്‍.
യുഡിഎഫ് സര്‍ക്കാര്‍ സ്പെഷ്യല്‍ സ്കൂളുകള്‍ക്കും ബഡ്സ് സ്കൂളുകള്‍ക്കും എയ്ഡഡ് പദവി അനുവദിച്ചതില്‍ വ്യാപക ക്രമക്കേട്. സാമുദായിക സംഘടനകള്‍ക്ക് എയ്ഡഡ് കോളജുകള്‍ അനുവദിച്ചതിലും ക്രമക്കേട് കണ്ടെത്തി. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച ഉപസമിതിയുടേതാണ് കണ്ടെത്തല്‍. അറബി കോളജുകളെ ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളാക്കിയപ്പോള്‍ തസ്തിക അനുവദിച്ചത് ക്രമവിരുദ്ധമായെന്നും നിഗമനം.
79 സ്പെഷ്യല്‍ സ്കൂളുകളുകള്‍ക്കും 34 ബഡ്സ് സ്കൂളുകള്‍ക്കും എയഡഡ് പദവി നല്‍കാനായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു മാനദണ്ഡവും പാലിക്കാതെയാണ് എയ്ഡഡ് പദവി അനുവദിച്ചതെന്ന് മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. ബഡ്സ് സ്കൂളുകള്‍ക്കായി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡോ. ജയരാജിന്റെ ഭാര്യ നടത്തുന്ന സ്കൂളിനും എയ്ഡഡ് പദവി അനുവദിച്ചിരുന്നു. ഇതില്‍ ക്രമക്കേടുണ്ടെന്ന് എഡിജിപി ബി സന്ധ്യ റിപ്പോര്‍ട്ട് ചെയ്തിട്ടും സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല.
വിവിധ സാമുദായിക സംഘടനകള്‍ക്കായി 12 എയ്ഡഡ് കോളജുകള്‍ക്ക് എന്‍ഒസി അനുവദിക്കാന്‍ മാര്‍ച്ച് 1 ന് ഉത്തരവിറക്കയതും മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് സമിതി വിലയിരുത്തി. എന്‍എസ്എസ്, എസ്എന്‍ഡിപി, സിഎസ്ഐ, പ്രത്യക്ഷ രക്ഷാ ദൈവ സഭ എന്നിവര്‍ക്ക് ജനുവരിയില്‍ കോളജ് അനുവദിച്ചതും ക്രമവിരുദ്ധമായാണ്. വയനാട്ടിലെ സെന്റ് മൈക്കിള്‍ കോളജിന്റെ അനുമതിയിലും പ്രശ്നങ്ങളുണ്ട്. അറബിക് കോളജുകളെ ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളാക്കി ഉയര്‍ത്തിയപ്പോള്‍ തസ്തിക ഉണ്ടാക്കിയത് മാനദണ്ഡം ലംഘിച്ചാണ്. ജനുവരി മുതലുള്ള വിദ്യാഭ്യാസ വകുപ്പിലെ 19 തീരുമാനങ്ങള്‍ ക്രമവിരുദ്ധമാണെന്നും സമിതി കണ്ടെത്തി.
ആരോഗ്യ വകുപ്പില്‍ തിരുവനന്തപുരം ജില്ലക്കായി ചട്ടങ്ങള്‍ ലംഘിച്ച് ആനുകൂല്യങ്ങള്‍ അനുവദിച്ചെന്നും സമിതിയുടെ പരിശോനയില്‍ വ്യക്തമായി. ഉന്നത വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, ആരോഗ്യം, ആഭ്യന്തരം എന്നീ വകുപ്പുകളിലെ ഫയലുകളാണ് ഇന്ന് പരിശോധിച്ചത്. എ കെ ബാലന്‍ അധ്യക്ഷനായ ഉപസമിതിയാണ് യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്നത്.