കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനും ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു
|പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ സിപിഎം ഹര്‍ത്താല്‍
കണ്ണൂരില്‍ രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ രണ്ട് കൊലപാതകങ്ങള്‍. പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വേട്ടേറ്റ് മരിച്ചു. കുന്നരു സ്വദേശി ധനരാജാണ് കൊല്ലപ്പെട്ടത്. കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. രാത്രി വൈകി പയ്യന്നൂര്‍ അന്നൂരില്‍ ഒരു ബിജെപി പ്രവര്‍ത്തകനെയും വെട്ടിക്കൊന്നു. മുന്‍ ബിഎംഎസ് പ്രവര്‍ത്തകന്‍ സി കെ രാമചന്ദ്രനെയാണ് കൊലപ്പെടുത്തിയത്.രണ്ട് കൊലപാതകങ്ങളിലെയും പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി കണ്ണൂര്‍ എസ് പി സഞ്ജയ് കുമാര്‍ ഗുരുദിന്‍ അറിയിച്ചു. സുരക്ഷ ശക്തമാക്കിയതായും എസ് പി പറഞ്ഞു
ഇന്നലെ രാത്രി 10 മണിയോടെയാണ് ധനരാജന്‍ കൊല്ലപ്പെടുന്നത്. ഒരു സംഘം ആളുകള്‍ ധനരാജനെ വീട്ടില്‍ കയറി മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.. ഗുരുതരമായി പരിക്കേററ ധനരാജന്‍ പരിയാരം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ധനരാജ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രനെ ഒരു സംഘം ആളുകള്‍ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി പന്ത്രണ്ടുമണിയോടെയാണ് രാമചന്ദ്രന്‍ കൊല്ലപ്പെടുന്നത്.
കൊലപാതകത്തില്‍ ഇരുപാര്‍ട്ടികളും പരസ്പരം രാഷ്ട്രീയം ആരോപിക്കുന്നുണ്ട്. ധനരാജിന്റെ മരണത്തിന് പിന്നില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ഏരിയാ സെക്രട്ടറി മധുസൂദനന്‍ ആരോപിച്ചിട്ടുണ്ട്. രാമചന്ദ്രന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി നേതൃത്വവും ആരോപിച്ചിരിക്കുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചിട്ടുണ്ട്. രാവിലെ ആറുമണിമുതലാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
കൊല്ലപ്പെട്ട രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 11 മണിയോടുകൂടി ധനരാജന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പയ്യന്നൂരില്‍ പൊതുദര്‍ശനത്തിന് വെക്കും. രാമചന്ദ്രന്‍റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാവുമെന്ന് അറിവായിട്ടില്ല.
പയ്യന്നൂര്‍ മേഖലയില്‍ കൊലപാതകത്തെ തുടര്‍ന്ന് വ്യാപകമായി അക്രമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. പ്രദേശത്ത് കനത്ത സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയതായാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. പയ്യന്നൂര്‍ സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ്.