Kerala
നാളെ മുതല്‍ ഐഒസി ടാങ്കര്‍ ലോറി സമരംനാളെ മുതല്‍ ഐഒസി ടാങ്കര്‍ ലോറി സമരം
Kerala

നാളെ മുതല്‍ ഐഒസി ടാങ്കര്‍ ലോറി സമരം

Alwyn
|
30 May 2018 9:47 PM GMT

പുതുക്കിയ ടെന്‍ഡര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫറോക്ക് ഡിപ്പോയിലെ ടാങ്കര്‍ ലോറികള്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. പുതുക്കിയ ടെന്‍ഡര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മലബാറിലെ നാല് ജില്ലകളിലെയും മാഹിയിലെയും ഐഒസി പമ്പുകളില്‍ ‍നിന്നുള്ള ഇന്ധനവിതരണത്തെ സമരം ബാധിക്കും.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്കു പുറമേ മാഹിയിലും ഐഒസിയുടെ പെട്രോളിയം ഉല്‍പന്നങ്ങളെത്തുന്നത് ഫറോക്ക് ഡിപ്പോയില്‍ നിന്നാണ്. ഡിപ്പോയിലെ 140 ടാങ്കറുകളുടെയും ടെന്‍ഡര്‍ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചു. ട്രക്കുകളുടെ വാടക നിലവിലുള്ളതും കുറച്ചാണ് പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളത്. കൂടാതെ സുരക്ഷയ്ക്കായി ഓവര്‍ സ്പില്‍ സെന്‍സറും പുതിയ സെക്യൂരിറ്റി ലോക്കും ടാങ്കറില്‍ ഘടിപ്പിക്കണം. ഇത് സാമ്പത്തിക ബാധ്യത വരുത്തുമെന്ന് ലോറിയുടമകള്‍ പറയുന്നു.

രണ്ട് ഡിപ്പോകള്‍ മാത്രമാണ് ഐഒസിക്ക് കേരളത്തിലുള്ളത്. എറണാകുളം ഇരുമ്പനത്തുള്ള ഡിപ്പോയിലും സമരം നടക്കുകയാണ്. ലോറി ഉടമകളും തൊഴിലാളികളും സംയുക്തമായാണ് സമരം. എന്നാല്‍ ടാങ്കറുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങളെന്ന് ഐഒസി ഡിപ്പോ മാനേജര്‍ സിപി നായര്‍ വിശദീകരിച്ചു. സംസ്ഥാനത്തെ അമ്പതു ശതമാനം പെട്രോള്‍ പമ്പുകളെയാണ് സമരം ബാധിക്കുക.

Related Tags :
Similar Posts