മാണിക്കും ബാബുവിനുമെതിരായ വിജിലന്‍സ് കേസുകളില്‍ പ്രത്യേക സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം
|ഈ ആവശ്യം ഉന്നയിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കി
കെ എം മാണിക്കും കെ ബാബുവിനുമെതിരായ വിജിലന്‍സ് കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കും. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. മാണിക്ക് വേണ്ടി ഹൈക്കോടതിയില്‍ എം കെ ദാമോദരന്‍ ഹാജരായ സാഹചര്യത്തില്‍ കൂടിയാണ് നടപടിയെന്നാണ് സൂചന.
മുന്‍ മന്ത്രിമാരായ കെ എം മാണിക്കും കെ ബാബുവിനുമെതിരായ അഴിമതി കേസുകളില്‍ കോടതിയില്‍ ഹാജരാകുന്നതിന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തരവകുപ്പിന് ശുപാര്‍ശ കൈമാറിയിരിക്കുന്നത്. മാണിക്കെതിരെ നിലവില്‍ മൂന്ന് വിജിലന്‍സ് കേസുകളും ഒരു ത്വരിത പരിശോധനയുമാണ് നടക്കുന്നത്. കെ ബാബുവിനെതിരെ ബാര്‍ കോഴയിലും അനധികൃത സ്വത്ത് സമ്പാദനത്തിലും വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ബാര്‍കോഴക്കേസിലെ രണ്ടാം തുടരന്വേഷണത്തിന് പുറമെ കോഴി നികുതി, ആയുര്‍വേദ ഉത്പന്നങ്ങളുടെ നികുതി എന്നിവയില്‍ ഇളവ് നല്‍കിയതിലും, ബാറ്ററി നിര്‍മ്മാണ ശാലയ്ക്ക് നികുതി ഇളവ്
നല്‍കിയതിലും വിജിലന്‍സ് അടുത്തിടെ മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സമൂഹവിവാഹം നടത്തിയതില്‍ അഴിമതി പണം ഉപയോഗിച്ചെന്ന പരാതിയിലാണ് കോടതി ഉത്തരവ് പ്രകാരം മാണിക്കെതിരെ ത്വരിത പരിശോധന നടക്കുന്നത്. കോഴി നികുതി കേസിലും, ബാറ്ററി നികുതി കേസിലുമായി 200 കോടിയിലധികം രൂപ സര്‍ക്കാരിന് നഷ്ടമുണ്ടായെന്നാണ് എഫ്‌ഐആറുകളില്‍ പറഞ്ഞിരുന്നത്.
സുപ്രധാന അഴിമതി കേസുകള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാകുകയും പിന്നീട് പിന്മാറുകയും ചെയ്ത മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദമാദോരന്‍ മാണിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായിരുന്നു. കോഴി നികുതി കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയിലായിരുന്നു ദാമോദരന്‍ ഹാജരായത്. ഈ സാഹചര്യത്തില്‍ കൂടിയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള വിജിലന്‍സ് തീരുമാനമെന്നാണ് സൂചന. കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും .