പാലാരിവട്ടം ഫ്ലൈ ഓവര്‍ നാളെ തുറന്നുകൊടുക്കും
|മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും
കൊച്ചി പാലാരിവട്ടം ഫ്ലൈ ഓവറിന്റെ ഉദ്ഘാടനം നാളെ നടക്കും. പ്രഖ്യാപിച്ചതിലും ഏറെ വൈകിയാണ് ഫ്ലൈ ഓവറിന്‍റെ നിര്‍മാണം പൂര്‍ത്തിയായത്. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഫ്ലൈ ഓവറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക.
പ്രഖ്യാപിച്ചതിലും മാസങ്ങള്‍ വൈകിയാണ് കൊച്ചിയിലെ രണ്ടാമത്തെ ഫ്ലൈഓവര്‍ പെതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്. 2014 ജൂണില്‍ തറക്കല്ലിട്ടെങ്കിലും നിര്‍മാണം ആരംഭിച്ചത് 2 മാസം വൈകിയായിരുന്നു. 72 കോടി രൂപയ്ക്കാണ് റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ പാലാരിവട്ടം പൈപ്പ് ലൈന്‍ ബൈപ്പാസിലെ ഫ്ലൈ ഓവറിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ച ഫ്ലൈ ഓവറിന്റെ ഉദ്ഘാടനം ഭരണം മാറും മുമ്പ് നടത്താനായി യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. അനുബന്ധ റോഡുള്‍പ്പടെ 630 മീറ്ററാണ് പാലത്തിന്‍റെ നീളം. ഫ്ലൈഓവറിന് കീഴിലെ റോഡിന്‍റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഫ്ലൈ ഓവര്‍ തുറന്നുകൊടുത്താലും പൈപ്പ് ലൈനിലെ ട്രാഫിക്ക് നിയന്ത്രണം തുടരും. ഇടപ്പള്ളിക്ക് പിന്നാലെ പൈലാരിവട്ടം ഫ്ലൈ ഓവറും തുറന്നുകൊടുക്കുന്നതിലൂടെ ബൈപ്പാസിലെ ഗതാഗതകുരുക്ക് വലിയൊരളവില്‍ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. നാളെ രാവിലെ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിക്കും.