Kerala
ലക്കിടിയില്‍ ബൌദ്ധിക ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങളുടെ കൂട്ടായ്മയില്‍ നിശ്ചിന്ത ഗ്രാമംലക്കിടിയില്‍ ബൌദ്ധിക ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങളുടെ കൂട്ടായ്മയില്‍ 'നിശ്ചിന്ത ഗ്രാമം'
Kerala

ലക്കിടിയില്‍ ബൌദ്ധിക ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങളുടെ കൂട്ടായ്മയില്‍ 'നിശ്ചിന്ത ഗ്രാമം'

Khasida
|
30 May 2018 10:58 AM GMT

ഭിന്നശേഷിക്കാരുടെ കുടുംബങ്ങള്‍ ഒരിടത്ത് താമസിക്കുന്നതില്‍ ആരോഗ്യ രംഗത്തുള്ളവര്‍ക്ക് ആശങ്ക.

ബൌദ്ധിക ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങള്‍ അതിജീനത്തിനായി ഒരുമിച്ച് താമസിക്കുന്നു.പാലക്കാട് ഷൊര്‍ണൂരിനടുത്ത ലക്കിടിയിലാണ് സമാന വെല്ലുവിളി നേരിടുന്ന അമ്പതോളം കുട്ടികളുടെ രക്ഷിതാക്കള്‍ ഒരുമിച്ച് താമസിക്കാന്‍ ഒരുങ്ങുന്നത്. നിശ്ചിന്ത എന്ന് പേരിട്ട ഈ കൂട്ടായ്മ വാങ്ങിയ സ്ഥലത്ത് ഫ്ളാറ്റുകളുടെ നിര്‍മ്മാണം നടക്കുകയാണിപ്പോള്‍.

ഓട്ടിസം പോലെ ബൌദ്ധിക ഭിന്നശേഷിയുള്ള കുട്ടികളുടെ പരിചരണം രക്ഷിതാക്കള്‍ക്ക് കടുത്ത വെല്ലുവിളിയാണ്. ഇത്തരം കുട്ടികളെ പരിചരിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന വിവരിക്കാനാവാത്ത ദുരിതം മൂലം ഈ കുടുംബങ്ങള്‍ സമൂഹത്തില്‍ നിന്നും ആരുമറിയാതെ ഒറ്റപ്പെടുന്നു.

തങ്ങളുടെ കാലശേഷം ഈ കുട്ടികളെ ആര് പരിചരിക്കുമെന്ന ആശങ്ക മൂലമാണ് ജോയിയെ പോലെ സമാന ദുരിതം പേറുന്ന അമ്പത് പേര്‍ന്ന് നിശ്ചിന്ത ഗ്രാമത്തിന് തുടക്കമിട്ടത്. ഇവര്‍ വാങ്ങിയ പത്തേക്കര്‍ സ്ഥലത്ത് ഇപ്പോള്‍ ഫ്ലാറ്റുകളുടെ നിര്‍മ്മാണം നടക്കുകയാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുള്ളവരാണ് തങ്ങളുടെ കുട്ടികളുടെ ഭാവിയോര്‍ത്ത് നിശ്ചിന്തയിലേക്ക് താമസം മാറാനായി കാത്തിരിക്കുന്നത്. കുട്ടികള്‍ക്ക് പഠിക്കാനും കളിക്കാനുമുള്ള സൌകര്യത്തിന് പുറമേ തൊഴില്‍ പരിശീലനം കുടുംബങ്ങള്‍ക്ക് വരുമാനം കണ്ടെത്താനായി കൃഷി, ഫാം തുടങ്ങിയവയ്ക്കെല്ലാം നിശ്ചിന്തയില്‍ സൌകര്യമുണ്ടാകും.

ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതില്‍ ആരോഗ്യ രംഗത്തുള്ളവര്‍ക്ക് ആശങ്കയുണ്ട്. ഇത്തരം താമസ കേന്ദ്രങ്ങളും സമൂഹത്തിന്റെ കടുത്ത മുന്‍വിധികള്‍ക്ക് ഇരയാകാന്‍ സാധ്യത ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ബൌദ്ധിക ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സംസ്ഥാനത്ത് പഠന-പരിശീലന സൌകര്യം പരിമിതമാണ്. ഇത്തരം കുട്ടികളുടെ പരിചരണവും പഠനവും ഉറപ്പാക്കുന്ന സ്ഥാപനമാണ് ഷൊര്‍ണൂരിലെ ഐകോണ്‍സ്. സര്‍ക്കാര്‍ ഗ്രാന്റ് വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഐ കോണ്‍സ് ഫീസ് ഈടാക്കുന്നുണ്ട്. ഐകോണ്‍സില്‍ കുട്ടികളെ പഠിപ്പിക്കാനായി നിരവധി പേരാണ് ഷൊര്‍ണൂരില്‍ വീട് വാടകക്കെടുത്ത് താമസിക്കുന്നത്. പഠനവും പരിശീലനവും നല്‍കിയാല്‍ പോലും ഇവര്‍ സാധാരണ ജീവിതത്തിലേക്ക് എത്താനുള്ള സാധ്യത അഞ്ച് ശതമാനത്തില്‍ താഴെയാണ്.

കുട്ടികളുടെ ഭാവിയെക്കുറിച്ച് രക്ഷിതാക്കള്‍ക്കുള്ള ആശങ്കയാണ് നിശ്ചിന്ത പോലുള്ള കൂട്ടായ്മക്ക് കാരണമായത്. രോഗം കുറ്റമായി കാണുന്ന നമ്മുടെ സമൂഹത്തില്‍ നിശ്ചിന്ത പോലുള്ള കൂട്ടായ്മകള്‍ മറ്റൊരു തരം അപരവല്‍ക്കരണം സൃഷ്ടിക്കുമോയെന്ന ആശങ്കയാണ് ആരോഗ്യപ്രവര്‍ത്തകര്‍ പങ്കിടുന്നത്. സര്‍ക്കാരിന് മുന്‍കയ്യുള്ളതും സമൂഹത്തിന് പങ്കുള്ളതുമായ പുനരധിവാസ സംവിധാനമാണ് ഈ രംഗത്ത് ആവശ്യം.

Related Tags :
Similar Posts