ഇ അഹമ്മദ് അന്തരിച്ചു
|മുസ്‍ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും എംപിയുമായ ഇ അഹമ്മദ് അന്തരിച്ചു. 78 വയസായിരുന്നു
മുസ്‍ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും എംപിയുമായ ഇ. അഹമ്മദ് അന്തരിച്ചു. 78 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ന്യൂഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.15ഓടെ മരണം സംഭവിച്ചു. മൃതദേഹം എംബാം ചെയ്യാനായി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. എട്ട് മണി മുതല്‍ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം 12 മണിയോടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. നാളെയാണ് ഖബറടക്കം.
മരണ സമയത്ത് മക്കളായ നസീര്‍ അഹമ്മദ്, റഈസ്, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. മരുമകനാണ് മരണ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. 12 മണിക്കൂറോളം വെന്‍റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ അഹമ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ഇന്ന് ഡല്‍ഹിയിലും കോഴിക്കോടും പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം തുടര്‍ന്ന് സ്വദേശമായ കണ്ണൂരിലേക്ക് ഖബറടക്കത്തിനായി കൊണ്ടുപോകും. നാളെയാണ് ഖബറടക്കം.
ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച രാവിലെ 11.05ന് പാര്‍ലമെന്റിലെത്തിയ അദ്ദേഹം സെന്‍ട്രല്‍ ഹാളില്‍ പ്രവേശിക്കുമ്പോള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രസംഗം തുടങ്ങിയിരുന്നു. തുടര്‍ന്ന് പിന്‍നിരയിലിരുന്ന് നയപ്രഖ്യാപന പ്രസംഗം കേട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണത്. രാഷ്ട്രപതിയുടെ പ്രസംഗം തടസ്സമില്ലാതെ തുടരുന്നതിനിടയില്‍തന്നെ ലോക്സഭ സുരക്ഷാജീവനക്കാര്‍ അബോധാവസ്ഥയിലായ അഹമ്മദിനെ സ്ട്രെച്ചറില്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് പുറത്തെ ആംബുലന്‍സില്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വിവരമറിഞ്ഞ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍, മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്‍റണി, മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എ.പി. അബ്ദുല്‍ വഹാബ്, എം.കെ. രാഘവന്‍, ആന്‍േറാ ആന്‍റണി, എന്‍.കെ. പ്രേമചന്ദ്രന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ. ബിജു എന്നിവരും ആശുപത്രിയിലെത്തെി. പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് ആശുപത്രിയിലെത്തിയ ശേഷമാണ് ട്രോമാ ഐസിയുവിലേക്ക് മാറ്റിയത്.
അന്ത്യന്തം നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ഇ അഹമ്മദിന്റെ മരണം ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. അഹമ്മദിനെ കാണുന്നതില്‍ നിന്നും ബന്ധുക്കളെയടക്കം വിലക്കിയത് ദുരൂഹതയുണ്ടാക്കി. രാത്രി വൈകി ആശുപത്രിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇടപെട്ടെങ്കിലും പരിഹാരമായില്ല. ഒടുവില്‍ ശക്തമായ പ്രതിഷേധത്തിന് ശേഷം ബന്ധുക്കള്‍ അഹമ്മദിനെ കാണുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ബജറ്റവതരണം മുടങ്ങുമെന്നതിനാല്‍ മരണം സ്ഥിരീകരിക്കുന്നത് വൈകിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണ് ആശുപത്രി അധികൃതരുടെ അസാധാരണ നടപടിക്ക് പിന്നിലെന്നാണ് സൂചന.