ജിഷ്ണുവിന്റെ കൂട്ടുകാരെ കാണാൻ മാതാപിതാക്കള്‍ പാമ്പാടിയിലെത്തി
|ജിഷ്ണു ഇല്ലാത്ത പാമ്പാടിയിലെത്തിയ അമ്മ മഹിജയും അച്ഛൻ അശോകനും ജിഷ്ണുവിന്റെ കൂട്ടുകാർക്കൊപ്പം ഓർമകൾ പങ്കുവച്ചു
ജിഷ്ണു പ്രണോയിയുടെ കൂട്ടുകാരെ കാണാൻ അമ്മയും അച്ഛനും പാമ്പാടിയിലെത്തി. ജിഷ്ണുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് അമ്മ മഹിജ പറഞ്ഞു. ഇതിനിടെ പാമ്പാടി നെഹ്റു കൊളജിലെ ഭൂമി കയ്യേറ്റത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി.
ജിഷ്ണു ഇല്ലാത്ത പാമ്പാടിയിലെത്തിയ അമ്മ മഹിജയും അച്ഛൻ അശോകനും ജിഷ്ണുവിന്റെ കൂട്ടുകാർക്കൊപ്പം ഓർമകൾ പങ്കുവച്ചു. കോളജിന് സമീപത്തുള്ള ഭിന്നശേഷിക്കാരുടെ സംരക്ഷണ കേന്ദ്രത്തിലെത്തിലെത്തി അവിടെയുള്ളവർക്കൊപ്പം ഭക്ഷണം കഴിച്ചു. അന്വേഷണ ഉദ്യോഗസ്ഥയുമായി കൂടിക്കാഴ്ച നടത്തിയ മാതാപിതാക്കൾ കുറ്റക്കാർക്കെതിരെ കൊലപാതക കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടു.
ഇതിനിടെ പാമ്പാടി നെഹ്റു കോളജ് വനഭൂമി കയ്യേറി ബാഡ്മിന്റൺ കോർട്ട് നിർമിച്ചെന്ന വി എസ് അച്യുതാനന്ദന്റെ പരാതിയില്‍ വിജിലൻസ് അന്വേഷണം തുടങ്ങി. റവന്യൂ ഇന്റലിജൻസും സർവെ വിഭാഗവും ചേർന്ന് ഭൂമി അളന്ന് തിരിക്കുകയാണ്. കയ്യേറ്റം കണ്ടെത്തിയാൽ ഉടൻ ഒഴിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.