രമണ്‍ ശ്രീവാസ്തവ എത്തുമ്പോള്‍ പുതുപ്പള്ളി തെരുവ് വെടിവെപ്പിന്റെ ഓര്‍മകള്‍ വീണ്ടുമുണരുന്നു
|പാലക്കാട് കളക്ട്രേറ്റില്‍ ഡാമുകള്‍ സംബന്ധിച്ച നിയമസഭാ സമിതിയുടെ യോഗം നടക്കുന്നതിനിടെയാണ് അവിടെയുണ്ടായിരുന്ന വയര്‍ലെസില്‍ ഒരു ആക്രോശം കേട്ടത്
സംസ്ഥാന പൊലീസിന്റെ ഉപദേഷ്ടാവായി മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ എത്തുമ്പോള്‍ പുതുപ്പള്ളി തെരുവ് വെടിവെപ്പിന്റെ ഓര്‍മകള്‍ വീണ്ടുമുണരുന്നു. 1991 ഡിസംബര്‍ പതിനഞ്ചിന് അന്നത്തെ ഉത്തരമേഖല ഡി.ഐ.ജി ആയിരുന്ന രമണ്‍ ശ്രീവാസ്തവയുടെ നിര്‍ദേശപ്രകാരം നടന്ന വെടിവെപ്പിലാണ് പാലക്കാട് പുതുപ്പള്ളി തെരുവില്‍ പതിനൊന്നു വയസുകാരി സിറാജുന്നിസ വെടിയേറ്റ് മരിച്ചത്. സംഭവം നടന്ന് ഇരുപത്തിയാറ് വര്‍ഷമാകുന്നു. വെടിയേറ്റ സിറജുന്നിസയെ വാരിയെടുത്ത് ഓടിയ അമ്മാവന്‍ സുലൈമാന്‍ ഇന്നും ഇവിടെയുണ്ട്.
പാലക്കാട് കളക്ട്രേറ്റില്‍ ഡാമുകള്‍ സംബന്ധിച്ച നിയമസഭാ സമിതിയുടെ യോഗം നടക്കുന്നതിനിടെയാണ് അവിടെയുണ്ടായിരുന്ന വയര്‍ലെസില്‍ ഒരു ആക്രോശം കേട്ടത്. ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രയോടനുബന്ധിച്ച് പൊലീസ് നടത്തിയ ഇടപടല്‍ ചെറിയ സംഘര്‍ഷമുണ്ടാക്കി. അന്ന് ഷൊര്‍ണൂര്‍ എ.എസ്.പിയായിരുന്ന ബി സന്ധ്യയോട് അന്നത്തെ ഉത്തരമേഖലാ ഡി.ഐ.ജി ആയിരുന്ന രമണ്‍ ശ്രീവാസ്തവ വെടിവെക്കാന്‍ ആക്രോശിക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന ഒറ്റപ്പാലം ലോക് സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സിറാജുന്നീസ വിഷയം പ്രചാരണ വിഷയമാക്കി. 2005 ല്‍ സീനിയോരിറ്റി മറികടന്ന് യുഡിഎഫ് സര്‍ക്കാര്‍ രമണ്‍ ശ്രീവാസ്തവയെ ഡി.ജി.പിയായി നിയമിച്ചു. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് വിരമിച്ച ശ്രീവാസ്തവയെയാണ് ഇപ്പോള്‍ ഈ സര്‍ക്കാര്‍ ഉപദേഷ്ടാവായി നിയമിക്കുന്നത്.