മൂന്ന് മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മാറിയേക്കും
|ഒറ്റപ്പാലത്ത് ശാന്ത ജയറാമിന് പകരം ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു.
യുഡിഎഫ് സീറ്റുകളില്‍ മാറ്റത്തിന് സാധ്യത. ഒറ്റപ്പാലത്ത് ശാന്ത ജയറാമിന് പകരം ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. ആര്‍എസ്പി സ്ഥാനാര്‍ഥി പിന്മാറിയ കയ്പമംഗലം ഏറ്റെടുക്കുന്ന കാര്യവും കോണ്‍ഗ്രസ് പരിഗണനയിലുണ്ട്. ദേവികുളത്ത് ഐഎന്‍ടിയുസി നേതാവിനെ സ്ഥാനാര്‍ഥിയാക്കുന്നതും പരിഗണിക്കുന്നു.
ഒറ്റപ്പാലത്ത് സിറ്റിങ് എംഎല്‍എ എം ഹംസക്ക് പകരം സിപിഎം നിയോഗിച്ചത് മുന്‍ ജില്ലാ സെക്രട്ടറി പി ഉണ്ണിയെയാണ്. ഇതില്‍ പാര്‍ട്ടിയില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. മുസ്ലിം വോട്ടര്‍മാരുടെ സാന്നിധ്യം നന്നായുള്ള ഒറ്റപ്പാലം സീറ്റില്‍ മികച്ച മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ സീറ്റ് പിടിച്ചെടുക്കാമെന്ന ആലോചന ആദ്യ ഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസിലുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ മുസ്ലിം ലീഗിനോട് സീറ്റ് എറ്റെടുക്കുന്ന കാര്യവും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിരുന്നു. നിലവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശാന്താ ജയറാമിനെതിരെ പ്രാദേശികമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍കൂടിയാണ് കോണ്‍ഗ്ര്സ നേതൃത്വം മാറ്റം ആലോചിക്കുന്നത്. ഡല്‍ഹി ചര്‍ച്ചയില്‍ ഒറ്റപ്പാലത്ത് മത്സരിക്കുന്നതിനെക്കുറിച്ച് കേന്ദ്ര നേതൃത്വം തന്നെ ഷാനിമോളോട് അഭിപ്രായം തേടിയിരുന്നു. പുതിയ സാഹചര്യത്തില്‍ മത്സരിക്കാമെന്ന നിലാടിലാണ് ഷാനിമോള്‍.
കയ്പമംഗത്ത് ആര്‍എസ്പി നിശ്ചിച്ച സ്ഥാനാര്‍ഥി പിന്മാറുകയും പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ആര്‍എസ്പിക്ക് കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സീറ്റ് തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. ടി എന്‍ പ്രതാപന്, ശോഭ സുബിന് എന്നിവരാണ് പരിഗണനയിലുള്ളത്. എന്നാല്‍ ആര്‍എസ്പിക്ക് പകരം നല്‍കേണ്ട സീറ്റ് കൂടി പരിഗണിച്ചേ ഇതില്‍ തീരുമാനമുണ്ടാകൂ. എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദേവികുളത്തെ സ്ഥാനാര്‍ഥി രാജാറാമിനെ മാറ്റാനും ആലോചനയുണ്ട്. ഐഎന്‍ടിയുസി നേതാവ് ഡി കുമാറിനെയാണ് പകരം പരിഗണിക്കുന്നത്. ഐഎന്‍ടിയുസിയുടെ പരാതി പരിഗണിക്കാനും ഇതിലൂടെ കഴിയുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു. സീറ്റ് മാറ്റ കാര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ തീരുമാനമുണ്ടായേക്കും.