കശുവണ്ടി തൊഴിലാളികളുടെ ക്ഷേമ പെന്ഷന് വെട്ടിക്കുറച്ചു; 1000 രൂപ 600 രൂപയാക്കി
|സംസ്ഥാനത്തെ 70 ശതമാനം കശുവണ്ടി ഫാക്ടറികളും അടഞ്ഞ് കിടക്കവേ തൊഴിലാളികളുടെ ക്ഷേമ പെന്ഷന് സര്‍ക്കാര്‍ വെട്ടികുറച്ചു.
കശുവണ്ടിത്തൊഴിലാളികള്‍ക്ക് വീണ്ടും സര്‍ക്കാരിന്റെ ഇരുട്ടടി. സംസ്ഥാനത്തെ 70 ശതമാനം കശുവണ്ടി ഫാക്ടറികളും അടഞ്ഞ് കിടക്കവേ തൊഴിലാളികളുടെ ക്ഷേമ പെന്ഷന് സര്‍ക്കാര്‍ വെട്ടികുറച്ചു. ആയിരം രൂപയുണ്ടായിരുന്ന പെന്ഷന് 600 രൂപയാക്കിയാണ് കുറച്ചത്.
ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും പെന്ഷന് വാങ്ങുന്ന തൊഴിലാളികളുടെ ക്ഷേമപെന്ഷന് വെട്ടിചുരുക്കി കൊണ്ട് ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആയിരം രൂപ ക്ഷേമപെന്ഷന് എന്നത് അറുന്നൂറാക്കിയാണ് ചുരുക്കിയത്. ഉത്തരവ് മൂലം സംസ്ഥാനത്തെ കശുവണ്ടിത്തൊഴിലാളികള്‍ പ്രതിസന്ധിയിലായി. ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്ഷന് വാങ്ങുന്നെന്ന പേരില്‍ കശുവണ്ടിത്തൊഴിലാളികളുടെ വാര്ധക്യപെന്ഷന് അടക്കമുള്ളവ വെട്ടിചുരുക്കപ്പെട്ടു. ക്ഷേമനിധി ബോര്‍ഡില്‍ നിന്നാകട്ടെ തൊഴിലാളികള്‍ക്ക് പെന്ഷന് ലഭിച്ചിട്ട് ആറ് മാസത്തോളമായി.
പിഎഫ് പെന്‍ഷന്റെ പേരില്‍ കശുവണ്ടിത്തൊഴിലാളികളുടെ ക്ഷേമപെന്ഷന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെയടക്കം വലിയ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് ഇത് പുനസ്ഥാപിച്ചത്. ഈ പെന്‍ഷനാണ് ഇപ്പോള്‍ വെട്ടിചുരുക്കിയത്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കശുവണ്ടി ഫാക്ടറികളും അടഞ്ഞ് കിടക്കവേയുള്ള സര്‍ക്കാര്‍ നടപടി തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കും.