സെന്‍കുമാര്‍ വീണ്ടും പോലീസ് മേധാവി
|സെന്‍കുമാറിന്റെ ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഇന്ന് ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചത്
ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിച്ചു കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. ഉത്തരവ് നാളെ സെന്‍കുമാറിന് കൈമാറുമെങ്കിലും നാളെ സ്ഥാനമേല്‍ക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഉത്തരവ് കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് സെന്‍കുമാര്‍ അറിയിച്ചു. സെന്‍കുമാറിന്റെ ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഇന്ന് ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചത്.
സെൻകുമാർ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരികെയെത്തുന്നതോടെ, നിലവിൽ ആ സ്ഥാനം വഹിക്കുന്ന ഡിജിപി ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടറാകും. വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിർബന്ധിത അവധിയിൽ പ്രവേശിച്ചതുമുതൽ വിജിലൻസിന്റെ ചുമതലയും ബെഹ്റയ്ക്കായിരുന്നു. പുതിയ സാഹചര്യത്തിൽ ബെഹ്റ വിജിലൻസിന്റെ മുഴുവൻ സമയ ചുമതലയിലേക്കു മാറും. ജേക്കബ് തോമസ് അവധി ഒരു മാസത്തേക്കു കൂടി നീട്ടിയിരുന്നു.
സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്ന ചൊവ്വാഴ്ചയ്ക്ക് മുമ്പ് നിയമനം നടന്നില്ലെങ്കില്‍ അത് സര്‍ക്കാരിനെതിരായ ഗുരുതരമായ പരാമര്‍ശങ്ങള്‍ക്കും ചീഫ് സെക്രട്ടറിയെ വിളിപ്പിക്കുന്നതിലേക്കോ ഒക്കെ നീങ്ങിയേക്കാമെന്നുള്ള സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.