Kerala
പോസ്റ്റ്മാന്‍ പരീക്ഷയ്ക്കെത്തിയ 186 പേരില്‍ 170 പേരും ഹരിയാന സ്വദേശികള്‍'പോസ്റ്റ്മാന്‍' പരീക്ഷയ്ക്കെത്തിയ 186 പേരില്‍ 170 പേരും ഹരിയാന സ്വദേശികള്‍
Kerala

'പോസ്റ്റ്മാന്‍' പരീക്ഷയ്ക്കെത്തിയ 186 പേരില്‍ 170 പേരും ഹരിയാന സ്വദേശികള്‍

Khasida
|
30 May 2018 6:17 PM GMT

മത്സര പരീക്ഷയിൽ തട്ടിപ്പുനടത്തുന്ന സംഘത്തെ പിടികൂടുന്നതിന് ഉന്നത തല അന്വേഷണം വേണമെന്ന് ആവശ്യം

തപാല്‍ വകുപ്പില്‍ പോസ്റ്റ്മാന്‍ ഒഴിവിലേക്ക് നടന്ന പരീക്ഷയ്ക്കിടെ ഹരിയാന സ്വദേശിയെ അറസ്റ്റു ചെയ്ത സംഭവത്തിൽ അന്വേഷണം ഉന്നത കേന്ദ്രങ്ങളിലേക്ക്. കാസർകോട് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിൽ പരീക്ഷക്കെത്തിയ 186 പേരില്‍ 170 പേരും ഹരിയാന സ്വദേശികള്‍. മത്സര പരീക്ഷയിൽ തട്ടിപ്പുനടത്തുന്ന സംഘത്തെ പിടികൂടുന്നതിന് ഉന്നത തല അന്വേഷണം വേണമെന്ന് ആവശ്യം.

തപാല്‍ വകുപ്പില്‍ പോസ്റ്റ്മാന്‍ ഒഴിവിലേക്ക് നടന്ന പരീക്ഷക്കിടെ കാസർകോട്ടെ രണ്ട് കേന്ദ്രങ്ങളിൽ വെച്ച് രണ്ട് പേർ പിടിയിലായതോടെയാണ് ചോദ്യപേപ്പർ ചോർത്തുന്ന വൻസംഘത്തെ കുറിച്ച് സൂചന ലഭിക്കുന്നത്. മണിപ്പാല്‍ ആസ്ഥാനമായുള്ള സ്വകാര്യ ഏജന്‍സിയുടെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷ. കേരളത്തില്‍ പരീക്ഷ കേന്ദ്രത്തിന് അപേക്ഷിച്ചത് എണ്ണൂറോളം ഹരിയാന സ്വദേശികളാണ്. ഇവരിൽ മുന്നൂറുപേരാണ് ഹാള്‍ടിക്കറ്റ് കൈപറ്റിയത്. എന്നാല്‍ പരീക്ഷയെഴുതാൻ കാസർകോടെത്തിയത് 170 പേര്‍ മാത്രമായിരുന്നു.

കഴിഞ്ഞ തവണ തമിഴ്നാട്ടിൽ നടന്ന പരീക്ഷയിൽ ഹരിയാന സ്വദേശികൾ കൂട്ടത്തോടെ ജയിച്ചു കയറിയത് സംശയത്തിന് ഇടയാക്കി. ഇതിനെ തുടർന്നാണ് കേരളത്തിൽ പരീക്ഷ കേന്ദ്രത്തിന് അപേക്ഷിച്ച ഹരിയാന സ്വദേശികൾക്ക് കാസർകോട് ജില്ലയിൽ കേന്ദ്രം അനുവദിച്ചത്. മെറ്റല്‍ ഡിറ്റക്ടര്‍ അടക്കം ഉപയോഗിച്ചുള്ള കര്‍ശന പരിശോധന പരീക്ഷാകേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊലീസ് പിടിയിലായ ഹരിയാന സ്വദേശികൾക്ക് മൊബൈൽ ഫോണിൽ ഉത്തരങ്ങൾ സന്ദേശങ്ങളായാണ് ലഭിച്ചിരുന്നത്. ഇവർക്ക് പിന്നിൽ വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നതായാണ് വിവരം. ഈ സംഘത്തെ പിടികൂടുന്നതിന് ഉന്നത തല അന്വേഷണം വേണമെന്നാണ് യുവജന സംഘടനകളുടെ ആവശ്യം.

Similar Posts