മലപ്പുറത്ത് 67 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു
|പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. വൃദ്ധയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ഒറ്റക്കു താമസിക്കുന്ന വൃദ്ധയെ കൂട്ടബലാല്‍സംഗം ചെയ്തെന്ന് പരാതി. മലപ്പുറം പടിഞ്ഞാറ്റുമുറിയിലാണ് സംഭവം. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
പടിഞ്ഞാറ്റുമുറിയില്‍ ഒറ്റക്കു താമസിക്കുന്ന അറുപത്തേഴുകാരിയാണ് കൂട്ടബലാല്‍സംഗത്തിന് ഇരയായത്. രണ്ടാഴ്ച മുന്‍പ് വീട്ടിലെത്തിയ രണ്ടു യുവാക്കള്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി. പട്ടാപ്പകലാണ് സംഭവം നടന്നത്. വിവരം പുറത്തുപറഞ്ഞാല്‍ മകളുടെ നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് യുവാക്കള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച സ്ത്രീ നാല് വര്‍ഷമായി ഒറ്റക്കാണ് താമസം.
സംഭവത്തിന് ശേഷം ഇവര്‍ ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. വൃദ്ധയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. പ്രതികള്‍ ഒളിവില്‍ പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.