Kerala
മതംമാറിയ യുവതിയുടെ വിവാഹം കോടതി റദ്ദാക്കി; വിവാഹത്തിന് യുവതിയുടെ മാതാപിതാക്കളുടെ സാന്നിധ്യം അനിവാര്യംമതംമാറിയ യുവതിയുടെ വിവാഹം കോടതി റദ്ദാക്കി; വിവാഹത്തിന് യുവതിയുടെ മാതാപിതാക്കളുടെ സാന്നിധ്യം അനിവാര്യം
Kerala

മതംമാറിയ യുവതിയുടെ വിവാഹം കോടതി റദ്ദാക്കി; വിവാഹത്തിന് യുവതിയുടെ മാതാപിതാക്കളുടെ സാന്നിധ്യം അനിവാര്യം

Alwyn
|
30 May 2018 5:42 PM GMT

രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

മതപരിവർത്തനം ചെയ്ത യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി. വിവാഹത്തിന്​ മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും അതിനാല്‍ വിവാഹം സാധുവല്ലാത്തതും നിലനിൽക്കാത്തതുമാണെന്നും വിലയിരുത്തിയാണ്​ ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്​. വൈക്കം സ്വദേശിനി അഖിലയെന്ന ഹാദിയയോടാണ് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ കോടതി നിര്‍ദേശം നല്‍കിയത്. മത പരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ക്കാന്‍ തടഞ്ഞുവെച്ചിരിക്കുന്ന മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്​ പിതാവ്​നല്‍കിയ ഹരജിയിലാണ് വിധി. വൈക്കം സ്വദേശി അശോകൻ നൽകിയ ഹരജിയാണ്​ ജസ്റ്റിസുമാരായ കെ സുരേന്ദ്ര മോഹന്‍, എബ്രഹാം മാത്യു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.

മകള്‍ തീവ്രവാദ ഗ്രൂപ്പിന്‍റെ തടങ്കലിലാണെന്നും സിറിയയിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി പരിഗണനയിലിരിക്കെയാണ് പെൺകുട്ടി കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായി 2016 ഡിസംബർ 19ന്​ വിവാഹിതയായത്. പുത്തൂർ ജുമാ മസ്​ജിദ്​ ഖാദിയാണ്​ നിക്കാഹ് നടത്തിക്കൊടുത്തത്. താന്‍ ഇസ്‍ലാം മതത്തിലാകൃഷ്ടയായി വീടുവിട്ടിറങ്ങിയതാണെന്നും തന്നെയാരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും ഹരജി പരിഗണിക്കവേ പെണ്‍കട്ടി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും വിവാഹത്തിന് നേതൃത്വം നല്‍കിയത് മറ്റ് ചിലരാണെന്നും കോടതി ചൂണ്ടികാട്ടി.

പിതാവ് ​ പെരിന്തൽമണ്ണ, ചേർപ്പുളശേരി പൊലീസ്​ ​സ്​റ്റേഷനുകളില്‍ നല്‍കിയിട്ടുള്ള പരാതി സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കണമെന്ന്​ ഡിജിപിക്ക്​ കോടതി നിർദേശം നൽകി. മതം മാറ്റവുമായി ബന്ധപ്പെട്ട്​ ആരോപണ വിധേയമായ മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തെക്കുറിച്ചും അന്വേഷിക്കണം. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കുകയും കുറ്റവാളികളുണ്ടെങ്കിൽ നിയമത്തിന്​ മുന്നിൽ കൊണ്ടുവരികയും വേണം. നേരത്തെ അന്വേഷണം നടത്തിയ പൊലീസ്​ ഉദ്യോഗസ്ഥന്​വീഴ്​ച പറ്റിയിട്ടുണ്ടോയെന്ന്​ അന്വേഷിക്കണം. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ വകുപ്പു തല നടപടിയെടുക്കണമെന്നും വിധിയിൽ പറയുന്നു.

Similar Posts