ഓണ്‍ലൈന്‍ ഫാര്‍മസികള്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിമര്‍ശം
|ഓണ്‍ലൈന്‍ വ്യാപാരം അനുവദിക്കുന്നതിന് എതിരെ നാളെ രാജ്യവ്യാപകമായി ഔഷധ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്
മരുന്നു വ്യാപാര രംഗത്ത് ഓണ്‍ ലൈന്‍ ഫാര്‍മസികള്‍ അനുവദിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ആരോഗ്യ മേഖലയില്‍ സൃഷ്ടിക്കുമെന്ന് വിമര്‍ശം. ഡോക്ടറുടെ കുറിപ്പ് പ്രകാരം മാത്രം ലഭിക്കുന്ന നാര്‍ക്കോട്ടിക് മരുന്നുകളടക്കം ഓണ്‍ലൈന്‍ വിപണയില്‍ നിന്ന യഥേഷ്ടം ലഭിക്കുന്ന സാഹചര്യം അപകടരമായ പ്രവണത സൃഷ്ടിക്കുമെന്നാണ് ഓള് ഇന്ത്യ ഓര്ഗനൈസേഷന് ഓഫ് കെമിസ്റ്റ് ആന്റ് ഡ്രഗ്സ് അടക്കമുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാരം അനുവദിക്കുന്നതിന് എതിരെ നാളെ രാജ്യവ്യാപകമായി ഔഷധ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട് .
നാര്‍കോട്ടിക് മരുന്നുകള്‍ ഡോക്ടറുടെ കുറുപ്പടി പ്രകാരം ഫാര്‍മസിസ്റ്റുകള്‍ മുഖേനെ മാത്രമേ നല്‍കാവൂ എന്നാണ് വ്യവസ്ഥ. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഒരു തവണ മരുന്ന് നല്കിയാല് ആ കുറിപ്പില്‍ സീല്‍ ചെയ്യണം. വീണ്ടും മരുന്ന് ലഭിക്കണമെങ്കില്‍ ഡോക്ടര്‍ വീണ്ടും കുറിപ്പ് എഴുതണം. ഇതിനെല്ലാം രജിസ്റ്റര്‍ സൂക്ഷിക്കണം. ഓണ്‍ലൈന്‍ വ്യാപാരം നിയമ വിധേയമാക്കുന്നതോടെ ഇത്തരം മരുന്നുകള്‍ ആര്‍ക്കും യഥേഷ്ടം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നാണ് മരുന്നു വ്യാപാരികളുടെ വാദം.
ഇതിനൊപ്പം നടപ്പാക്കുന്ന ഇ പോര്‍ട്ടല്‍ സംവിധാനവും നിലവിലെ ഫാര്‍മസികള്‍ക്ക് തിരിച്ചടിയാണ്. ഇതിനായി പ്രത്യേകം ഫീസ് നല്‍കേണ്ടിവരും. ഇതെല്ലാം ചൂണ്ടിക്കാട്ടി ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് ഔഷധ വ്യാപാരികള്‍. നാളെ രാജ്യത്തെ എട്ടരലക്ഷത്തോളം ഔഷധ വ്യാപാരികള്‍ ഓണ്‍ലൈന്‍ വ്യാപാരം നിയമവിധേയമാക്കുന്നതിന് എതിരെ ഫാര്‍മസികള്‍ അടച്ചിടും.