ലൈംഗികാതിക്രമ കേസ്: സൈക്കോളജിസ്റ്റ് ഗിരീഷിനെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി
|13കാരനെ പീഡിപ്പിച്ച കേസിലാണ് സൈക്കോളജിസ്റ്റ് കെ ഗിരീഷിനെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപണം ഉയര്‍ന്നത്.
തിരുവനന്തപുരത്ത് പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്യാതെ പൊലീസിന്റെ ഒളിച്ചുകളി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ ഗിരീഷിനാണ് പൊലീസിന്റെ ഒത്താശ. മുഖ്യമന്ത്രിക്കും എഡിജിപിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പരാതിക്കാരെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ ആള് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഈ മാസം പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം. കൌണ്‍സലിങ്ങിനിടെ തന്നെ പീഡിപ്പിച്ചതായി കുട്ടി അറിയിച്ചതോടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനെ സമീപിച്ചു. കുട്ടിയുടെ കൈപ്പടയിലെ പരാതി ചൈല്‍ഡ് ലൈന്‍ ഫോര്‍ട്ട് പൊലീസിന് കൈമാറി. 16ന് എഫ്ഐആര്‍ ഇട്ടെങ്കിലും പോക്സോ പ്രകാരമുള്ള കടുത്ത വകുപ്പ് ചുമത്തിയില്ല. കുട്ടിയുടെ മൊഴിയെടുത്തുമില്ല. തുടര്‍ന്ന് മുഖ്യമന്ത്രിക്കും എഡിജിപിക്കും പരാതി നല്‍കിയെങ്കിലും മൊഴിയെടുക്കല്‍ പിന്നെയും വൈകി.
ഇതിനിടെ കേസ് പിന്‍വലിപ്പിക്കാന്‍ പ്രതിയുടെ സുഹൃത്ത് ശ്രമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവെന്ന് പരിചയപ്പെടുത്തിയാണ് സ്വാധീനിക്കാന്‍ ശ്രമിച്ചത്. ലൈംഗികാതിക്രമ കേസുകളില്‍ ഉന്നതനെന്ന പരിഗണനയില്ലാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോള്‍ തന്നെയാണ് സമൂഹത്തില്‍ അറിയപ്പെടുന്ന, ചാനലുകളില്‍ മനശാസ്ത്ര പരിപാടികളില്‍ പങ്കെടുക്കാറുള്ള ഗിരീഷിന് പൊലീസ് ഒത്താശ ചെയ്യുന്നത്.