Kerala
മന്ത്രിസ്ഥാനത്തില്‍ അഭിനന്ദനീയമായി ഒന്നുമില്ല; കണ്ണന്താനത്തിനെതിരെ വിഎസ്മന്ത്രിസ്ഥാനത്തില്‍ അഭിനന്ദനീയമായി ഒന്നുമില്ല; കണ്ണന്താനത്തിനെതിരെ വിഎസ്
Kerala

മന്ത്രിസ്ഥാനത്തില്‍ അഭിനന്ദനീയമായി ഒന്നുമില്ല; കണ്ണന്താനത്തിനെതിരെ വിഎസ്

Jaisy
|
30 May 2018 5:25 PM GMT

കണ്ണന്താനത്തിന്റേത് രാഷ്ട്രീയ ജീര്‍ണതയാണ്

കേന്ദ്ര മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍. കണ്ണന്താനത്തിന്റെ സ്ഥാനലബ്ധിയില്‍ അഭിനന്ദനീയമായി ഒന്നുമില്ല. സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുമ്പോള്‍ ഇടതുപക്ഷം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന സന്ദേശമാണ് കണ്ണന്താനത്തിന്റെ നടപടി നല്‍കുന്നതെന്നും വി എസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

മോദി മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ച കണ്ണന്താനത്തെ ആദ്യം ഫേസ്ബുക്കിലൂടെയും പിന്നീട് വിരുന്നൊരുക്കിയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചിരുന്നു. തന്റെ ദീര്‍ഘകാല സുഹൃത്താണ് കണ്ണന്താനമെന്നും മന്ത്രി പദവി ഓണ സമ്മാനമാണെന്നുമായിരുന്നു പിണറായി വിശേഷിപ്പിച്ചത്. ഇതിനെതിരായ ഒളിയമ്പാണ് വി എസിന്റെ പ്രസ്താവന. രാഷ്ട്രീയ ജീര്‍ണതയുടെ പ്രതീകമാണ് കണ്ണന്താനമെന്നാണ് വി എസിന്റെ പക്ഷം. ഒരു ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് കണ്ണന്താനത്തിന് സംഭവിച്ചത്. ഒരു ഇടതുപക്ഷ സഹയാത്രികന്‍ ഒരിക്കലും ഫാസിസം നടപ്പാക്കുന്നതിന് ചാലകശക്തിയായും ചട്ടുകമായും മാറാന്‍ പാടില്ല. വ്യക്തിപരമായ സ്ഥാനലബ്ധിയെക്കാള്‍ വലുതാണ് രാജ്യവും രാഷ്ട്രീയവും എന്ന് തിരിച്ചറിയേണ്ട സന്ദര്‍ഭത്തിലാണ് സൗകര്യങ്ങള്‍ തേടി കണ്ണന്താനം ഫാസിസ്റ്റ് കൂടാരത്തിലേക്ക് ചേക്കേറിയത്. അതില്‍ അഭിനന്ദനീയമായി ഒന്നുമില്ല. ഇത്തരക്കാരെ കൂടെകൂട്ടിയ ഇടതുപക്ഷത്തെയും വിമര്‍ശിക്കുന്നുണ്ട് വി എസ്. സ്ഥാനാര്‍ഥികളെ കണ്ടെത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന തിരിച്ചറിവാണ് ഇത് നല്‍കുന്നതെന്നും വി എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയെക്കൂടാതെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി, മന്ത്രി കെ.ടി ജലീല്‍ തുടങ്ങിയവരും കണ്ണന്താനത്തെ അഭിനന്ദിച്ചിരുന്നു.

വിഎസിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കണ്ണന്താനം

വിഎസിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. സ്വാതന്ത്ര്യമുള്ളതു കൊണ്ടാണ് ഇത്തരം പരാമര്‍ശം നടത്തുന്നത്. നല്ല വാക്കുകള്‍ ഉപയോഗിക്കാനും വിഎസിന് അറിയാമെന്നും കണ്ണന്താനം പ്രതികരിച്ചു.

Related Tags :
Similar Posts