യാത്രക്കാരികളുടെ ക്രൂരമര്‍ദ്ദനമേറ്റ തനിക്കെതിരെ കേസെടുത്തത് ഞെട്ടിച്ചെന്ന് ഊബര്‍ ടാക്സി ഡ്രൈവര്‍
|താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നതിന് ചുറ്റും കൂടി നിന്നവര്‍ ദൃക്സാക്ഷികളാണ്. തെറ്റൊന്നും ചെയ്യാത്ത തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷഫീഖ്
യാത്രക്കാരികളുടെ ക്രൂര മർദ്ദനമേറ്റ തനിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തതിന്‍റെ ഞെട്ടലിലാണ് കൊച്ചിയിലെ ഊബര്‍ ടാക്സി ഡ്രൈവർ ഷഫീഖ്. തെറ്റൊന്നും ചെയ്യാത്ത തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷഫീഖ് മീഡിയവണിനോട് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന പേരിലാണ് കഴിഞ്ഞ ദിവസം മരട് പൊലീസ് ഷഫീഖിനെതിരെ കേസ് എടുത്തത്.
ഷെയര്‍ ടാക്സി വിളിച്ച സ്ത്രീകള്‍ യാത്രക്കാരനെ ഇറക്കി വിടണമെന്നാവശ്യപ്പെട്ട് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നതിന് ചുറ്റും കൂടി നിന്നവര്‍ ദൃക്സാക്ഷികളാണ്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായി മൊഴിയെടുത്തിരുന്നു എന്നാല്‍ തനിക്കെതിരെ കേസ് എടുത്ത വിവരം മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്ന് ഷെഫീഖ് പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷനില്‍ അടക്കം പരാതി നല്‍കിയിട്ടുണ്ടെന്നും മകന് നീതിലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷഫീഖിന്‍റെ പിതാവ് പ്രതികരിച്ചു.