Kerala
ഉപതെരഞ്ഞെടുപ്പ്: നേതാക്കളുടെ പട വേങ്ങരയിലേക്ക്ഉപതെരഞ്ഞെടുപ്പ്: നേതാക്കളുടെ പട വേങ്ങരയിലേക്ക്
Kerala

ഉപതെരഞ്ഞെടുപ്പ്: നേതാക്കളുടെ പട വേങ്ങരയിലേക്ക്

Muhsina
|
30 May 2018 11:02 AM GMT

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ നേതാക്കളുടെ വന്‍ പട തന്നെ അടുത്ത ദിവസം മുതല്‍ പ്രചരണത്തിനെത്തും. കോണ്‍ഗ്രസിന്‍റെ കേന്ദ്ര നേതാക്കളില്‍ ചിലരെ എത്തിക്കാനാണ് യുഡിഎഫിന്‍റെ ശ്രമം. എല്‍ഡിഎഫിനായി വിഎസ് അച്യുതാനന്ദനും മുഖ്യമന്ത്രി..

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ നേതാക്കളുടെ വന്‍ പട തന്നെ അടുത്ത ദിവസം മുതല്‍ പ്രചരണത്തിനെത്തും. കോണ്‍ഗ്രസിന്‍റെ കേന്ദ്ര നേതാക്കളില്‍ ചിലരെ എത്തിക്കാനാണ് യുഡിഎഫിന്‍റെ ശ്രമം. എല്‍ഡിഎഫിനായി വിഎസ് അച്യുതാനന്ദനും മുഖ്യമന്ത്രി പിണറായി വിജയനും എത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നാളെ മുതല്‍ ഒന്‍പതാം തിയ്യതി വരെ വേങ്ങരയിലുണ്ടാകും.

വിഎം സുധീരന്‍, കെ സി വേണുഗോപാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളും രണ്ട് ദിവസം വീതം യുഡിഎഫ് പ്രചരണ വേദികളിലെത്തും. മുന്‍ കേന്ദ്രമന്ത്രി എ കെ ആന്‍റണിയും മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീനും എട്ടാം തിയയതി യുഡിഎഫ് പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. ജ്യോതിരാദിത്യ സിന്ധ്യ , സച്ചിന്‍ പൈലറ്റ് എന്നിവരില്‍ ഒരാളെ പ്രചരണത്തിനെത്തിക്കാനും യുഡിഎഫ് ശ്രമിക്കുന്നുണ്ട്. എല്‍ഡിഎഫിനായി വ്യാഴം, വെള്ളി ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. നാലാം തിയതി മുതല്‍ ഒന്‍പതാം തിയ്യതി വരെ കോടിയേരി ബാലകൃഷ്ണന്‍ വേങ്ങരയിലുണ്ടാകും. മന്ത്രിമാരായ ജി.സുധാകരന്‍,ഇ.ചന്ദ്രശേഖരന്‍, സി.രവീന്ദ്രനാഥ് എന്നിവരും എത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വിയെ എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജാഥക്ക് വേങ്ങരയില്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെഎന്‍എ ഖാദര്‍ ഇന്ന് പറപ്പൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി പി ബഷീറിന്‍റെ പര്യടനം ഇന്ന് കണ്ണമംഗലം പഞ്ചായത്തിലാണ്. ധനമന്ത്രി ടി എം തോമസ് ഐസക് ഇന്ന് മണ്ഡലത്തില്‍ എത്തുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ പര്യടനം എ.ആര്‍ നഗര്‍, കണ്ണമംഗലം പഞ്ചായത്തുകളിലാണ്.

Similar Posts