നിരപരാധിയെ പൊലീസ് മര്‍ദിച്ചതായി പരാതി
|പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് പരാതിക്കാരന്‍
കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ശരതിനെയാണ് പാലാരിവട്ടം പൊലീസ് മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് പരാതിക്കാരന്‍.
വ്യാഴാഴ്ച രാത്രിയാണ് ശരതും സഹപ്രവര്‍ത്തകരും താമസിക്കുന്ന വീട്ടിലെത്തി പൊലീസ് മര്‍ദ്ദിച്ചതെന്ന് ശരത് പറയുന്നു. വീട്ടിലേക്ക് കയറി നേരെ തന്റെ മുറിയിലേക്ക് വന്ന പാലാരിവട്ടം എസ് ഐ റഫീഖ് ഒന്നും ചോദിക്കാതെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറയുന്നു.
കഞ്ചാവ് പൊതി കൈവശം വെച്ചതിനാണ് പാലാരിവട്ടം എസ് ഐ റഫീഖ് ശരതിനെ മര്‍ദ്ദിച്ചത്. എന്നാല്‍ തന്റെ കൂടെ താമസിക്കുന്ന സഹപ്രവര്‍ത്തകന്‍ നിയാസാണ് കഞ്ചാവ് പൊതിക്ക് പിന്നിലെന്ന് ശരത് പറയുന്നു. ജോലി ചെയ്യുന്നതില്‍ വീവ്ച വരുത്തിയതിനെത്തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. പിരിച്ച് വിട്ടതിന് പിന്നില്‍ ശരതാണെന്ന് പറഞ്ഞ് നിയാസ് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പൊലീസ് സ്റ്റേഷനില്‍ വെച്ച് വീണ്ടും മര്‍ദ്ദനമുണ്ടായെന്നും പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്നും ശരത് പറയുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും ശരതിനെ മര്‍ദിച്ചിട്ടില്ലെന്നുമാണ് പൊലീസ് ഭാഷ്യം. കേസെടുക്കുക പോലും ചെയ്യാതെ മര്‍ദ്ദിച്ച പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ശരത്.